ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGS) തൊഴിലാളികൾ നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര സർക്കാർ മറുപടി പാർലമെന്റിൽ നൽകിയെങ്കിലും അതിൽ കാര്യമായ പരിഹാരങ്ങൾ ഒന്നുമില്ലെന്ന് ഷാഫി പറമ്പിൽ എം.പി ഉന്നയിച്ച ചോദ്യത്തിന് ഗ്രാമ വികസന മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാകുന്നു.
തൊഴിലാളികൾക്കായി 2023 ജനുവരി 1 മുതൽ ‘നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം’ (NMMS) ആപ്പ് ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തൽ നിർബന്ധമാക്കിയതോടെ, തൊഴിലാളികൾ പൂർണ്ണമായും ബുദ്ധിമുട്ടിലാണ്. ഇതാണ് പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കാൻ കാരണമായത്. ഇന്റർനെറ്റ് ഇല്ലാത്ത മേഖലയിലെ തൊഴിലാളികൾ, സാങ്കേതിക തകരാർ, അപ്‌ലോഡ് പ്രശ്നങ്ങൾ തുടങ്ങിയവ പദ്ധതിയെതന്നെ തകർക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഹാജർ രേഖപ്പെടുത്താൻ അവസരമുണ്ട് എന്നു വെളിപ്പെടുത്തിയെങ്കിലും, വാസ്തവത്തിൽ ഇത് വലിയൊരു തലവേദനയായി തുടരുകയാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
ബ്ലോക്ക് തല അധികാരികൾക്ക് ഹാജർ അപ്‌ലോഡ് ചെയ്യാനുള്ള അധികാരം നൽകിയെന്ന് പറഞ്ഞിട്ടും, പ്രായോഗികമായി ഇതൊന്നും സഹായിക്കുന്നില്ല. കൂടാതെ പദ്ധതി ഭേദഗതി ചെയ്തുവെന്നും NMMS കൂടുതൽ ഉപയോഗപ്രദമാക്കിയെന്നും സർക്കാർ അവകാശപ്പെടുമ്പോഴും, തൊഴിലാളികൾക്ക് യഥാർത്ഥത്തിൽ കാര്യമായ സഹായം ലഭിച്ചിട്ടില്ല. 2024-25 സാമ്പത്തിക വർഷത്തിൽ 95%-96% ഹാജർ NMMS വഴി രേഖപ്പെടുത്തിയതായി സർക്കാർ അവകാശപ്പെടുന്നെങ്കിലും, അതിൽ എത്ര തൊഴിലാളികൾ ശമ്പളം കിട്ടാതെ കഷ്ടപ്പെട്ടുവെന്നത് മറച്ചുവച്ചിരിക്കുകയാണെന്നും, പദ്ധതി കാര്യക്ഷമമാക്കാൻ വ്യക്തമായ യാതൊരു പദ്ധതിയും സർക്കാർ മുന്നോട്ട് വച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
തൊഴിലാളികൾക്ക് ശമ്പളം പോലും കിട്ടാതെ അവശരാവുമ്പോൾ, പദ്ധതിയെ കൂടുതൽ സങ്കീർണ്ണമാക്കുകയും, ആപ്പ് അടിസ്ഥാനമാക്കിയ ഹാജർ സംവിധാനം ഉപയോഗിച്ച് അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.