അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. ‘എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. സുജ പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം. അതിന് മാറ്റം വരുത്തരുത്’ എന്നാണ് ലോറന്‍സിന്റേതെന്ന് വ്യക്തമാക്കി മകള്‍ സുജ പുറത്തുവിട്ട ശബ്ദ സന്ദേശവും ഇവര്‍ പുറത്തു വിട്ടു.
മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കളായ സുജാതയും ആശയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും അത് തള്ളിയതിനു പിന്നാലെയാണ് ഇരുവരും വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് എം.എം ലോറന്‍സ് അന്തരിച്ചത്.
മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കാനുള്ള സഹോദരന്‍ എല്‍.എല്‍ സജീവന്റെ തീരുമാനത്തെയാണ് ഇവര്‍ ചോദ്യം ചെയ്തത്. മൃതദേഹം പഠനത്തിന് വിട്ടു നല്‍കണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവന്‍ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു.
പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി മധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചര്‍ച്ച പരാജയമായിരുന്നു.