പേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ എരവട്ടൂർ കനാൽമുക്കിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ് മമ്മിയുടെ മകൻ മുഹമ്മദ് ഷമീം കെ കെ (39) എന്നയാളാണ് കഞ്ചാവ് സഹിതം പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ഇയാൾ, ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിലാണ് കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തിവന്നത്.
ഇയാളിൽ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാൾ കഞ്ചാവ് പേക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര എസ് ഐ ഷമീർ പി യുടെ നേതൃത്വത്തിൽ ജൂനിയർ എസ് ഐ സനേഷും സംഘവും മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ റൂമിലെത്തി പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വിൽപനക്കാരെപ്പറ്റി വിവരങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ലഹരി വിൽപ്പനക്കാർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.