കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മിഷണറും കൂടൽമാണിക്യം എകസിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്‌തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവം വലിയ വിവാദമായതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
പരീക്ഷ എഴുതി പാസായി നിയമനം ലഭിച്ച തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലുവാണ് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പരാതി നല്‍കിയിത്. കഴകം പ്രവര്‍ത്തിയായ ക്ഷേത്രത്തിലെ മാലകെട്ടലില്‍ നിന്നും താത്‌കാലികമായി തന്നെ മാറ്റി ഓഫിസ് ജോലികള്‍ക്കായി നിയോഗിച്ചെന്നാണ് ബാലുവിന്റെ ആരോപണം. ബാലു ജോലിക്ക് പ്രവേശിച്ച നാള്‍ മുതല്‍ തന്ത്രിമാര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെത്താതെ പ്രതിഷേധത്തിലായിരുന്നു. പിന്നോക്കക്കാരനായ ബാലുവിനെ ക്ഷേത്ര ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശുദ്ധക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിന്നു പ്രതിഷേധിച്ചു.
പ്രതിദിന ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള ശുദ്ധികര്‍മങ്ങള്‍ക്ക് തടസം വരുത്തുമെന്ന് വ്യക്തമാക്കി തന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ബാലുവിനെ തസ്‌തികയില്‍ നിന്ന് മാറ്റി. ശേഷം, പിഷാരടി സമുദായത്തില്‍ നിന്നൊരു അംഗത്തിനാണ് മാലകെട്ടുന്ന ചുമതല നല്‍കിയത്. അതേസമയം, ജാതിവിവേചനത്തിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. തന്ത്രിമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈഴവ സമുദായവും പ്രതിഷേധിച്ചു.