റമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ സാംസ്കാരിക കേന്ദ്രങ്ങൾ സജീവമാകുന്നത് വിജ്ഞാനത്തിന്റെയും ആത്മസംസ്കരണത്തിന്റെയും പഠനങ്ങൾ പകർന്നു നൽകുന്നതിന് വേണ്ടിയാണ്.
അറിവാണ് കർമ്മങ്ങളുടെയും ഭൗതിക ജീവിതത്തിൻറെ വിജയത്തിന്റെയും നിദാനം. വിവേകവും ധാർമിക ചിന്തയും പ്രതിഫലിപ്പിക്കുന്ന വിജ്ഞാന വേദികൾ താൽപര്യത്തോടെ വാരിപ്പുണരുന്ന ആയിരങ്ങൾ വിജയത്തിൻറെ വഴിയാണ് വെട്ടിപ്പിടിക്കുന്നത്
പള്ളികളിൽ നിസ്കാരശേഷം നടക്കുന്ന ഉറുദികൾ ഹ്രസ്വമായ ഭാഷണങ്ങളാണ്. ഉറുദി നടത്തുന്നവർക്ക് സമ്മാനമായി ശ്രോതാക്കളിൽ നിന്ന് പണം ശേഖരിച്ചു നൽകുന്നു. അങ്ങനെ ജ്ഞാനത്തിന്റെയും ദാനധർമ്മത്തിന്റെയും പ്രസംഗ പരിശീലനത്തിന്റെയും ചടങ്ങായി മാറുന്നതോടൊപ്പം അത് പാരമ്പര്യ തനിമ നിലനിർത്തുക കൂടി ചെയ്യുന്ന വിജ്ഞാന സദസ്സായി മാറുന്നു.
വിജ്ഞാനത്തിന്റെ വിസ്മയച്ചപ്പായ ഖുർആൻ അണമുറിയാതെ പാരായണം ചെയ്യപ്പെടുന്നത് ഈ മാസം വിശ്വാസികൾക്ക് വിജ്ഞാനത്തോടുള്ള പ്രതിബദ്ധത തന്നെയാണ് കാണിക്കുന്നത്.
നവമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രശസ്ത പ്രഭാഷകരുടെയും മറ്റും വൈജ്ഞാനികഭാഷണങ്ങളും എഴുത്തുകളും ആർത്തിയോടെ കേട്ടും വായിച്ചും പകലുകൾ ധന്യമാക്കുന്നവർ അവരുടെ ആരാധനകളുടെ പട്ടികയിലേക്ക് വിജ്ഞാന സമ്പാദനത്തെ കൂട്ടിച്ചേർത്തുവെച്ച് വലിയ പുണ്യമാണ് കൈവരിക്കുന്നത്.
ശ്വാസം അവസാനിക്കുന്നിടം വരെ വിജ്ഞാന വഴിയിൽ വ്യാപൃതരാവണമെന്ന മതത്തിൻറെ നിർദേശം ഈ പുണ്യ മാസത്തിൽ വിശ്വാസികൾ ഏറ്റെടുത്ത് ആത്മീയ ഉന്നമനത്തിനും സാമൂഹിക പുരോഗതിക്കും ദേശത്തിൻറെ അഖണ്ഡതയ്ക്കും വഴിതെളിക്കുമ്പോൾ നാം നല്ലവരായി മാറുകയും നന്മകൾക്ക് പാത്രമാവുകയും ചെയ്യുന്നു. വിജ്ഞാനത്തിലൂടെ നമുക്ക് വിശുദ്ധരാക്കാം.വിശുദ്ധ മാസത്തെ ധന്യമാക്കുകയും ചെയ്യാം.
അബ്ദുൽ മജീദ് ഇർഫാനി,
പ്രിൻസിപ്പൽ, മർകസ് പബ്ലിക് സ്കൂൾ കൊയിലാണ്ടി