വരുന്ന സാമ്പത്തിക വര്‍ഷം വിദേശത്ത് പഠനത്തിന് പോകുന്നവര്‍ക്കായി സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍.ആര്‍.കെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ തൈക്കാട് കിറ്റ്സ് ക്യാമ്പസ് ഹാളില്‍ സംഘടിപ്പിച്ച സുരക്ഷിത വിദേശ തൊഴില്‍കുടിയേറ്റ, നിയമ ബോധവല്‍ക്കരണ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, കുടിയേറ്റ നിയമങ്ങള്‍, അറിയേണ്ട മറ്റ് വിവരങ്ങള്‍ എന്നിവയെല്ലാം ഈ പോര്‍ട്ടലില്‍ ലഭ്യമാക്കും. വിദേശ രാജ്യത്ത് മലയാളി കൂട്ടായ്മയുടെ പിന്തുണ ഉറപ്പാക്കാന്‍ ലോക കേരളം ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സഹായിക്കുമെന്നും അജിത് കോളശേരി വ്യക്തമാക്കി. തൊഴില്‍, പഠന ആവശ്യങ്ങള്‍ക്കായി വര്‍ക്ക് വീസയിലോ, സ്റ്റുഡന്റ് വീസയിലോ മാത്രമേ വിദേശത്തേക്ക് പോകാവൂ എന്നും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രതിനിധി ഡോ. എല്‍സാ ഉമ്മന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ പ്രവാസി നയവും നോര്‍ക്ക റൂട്ട്സിന്റെ വിപുലമായ പ്രവര്‍ത്തനവും പ്രശംസനീയമാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) നാഷണല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഡോ. നേഹ വാധ്വാന്‍ അഭിപ്രായപ്പെട്ടു.
തിരികെയെത്തുന്ന പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അവര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കൊപ്പം അപടകങ്ങളെപ്പറ്റിയും അവബോധമുണ്ടാകണമെന്ന് മാധ്യമ പ്രവര്‍ത്തകയും ലോകകേരള സഭാ പ്രതിനിധിയുമായ അനുപമ വെങ്കിടേശ്വരനും അഭിപ്രായപ്പെട്ടു. നോര്‍ക്ക എന്‍ആര്‍കെ വനിതാ സെല്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസികളായ എല്ലാ വനിതകളും മുന്നോട്ട് വരണമെന്നും അവര്‍ വ്യക്തമാക്കി. ലിംഗസമത്വമെന്ന മഹത്തായ ലക്ഷ്യത്തിലേക്കാണ് നമ്മള്‍ മുന്നേറുന്നതെന്ന് മാധ്യമ പ്രവര്‍ത്തകയും ലോകകേരള സഭാ അംഗവുമായ താന്‍സി ഹാഷിറും വ്യക്തമാക്കി. കിറ്റ്സ് ഡയറക്ടര്‍ ഡോ. എം.ആര്‍ ദിലീപ്, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, കിറ്റ്സ് വുമണ്‍സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ എസ്. സിന്ധു എന്നിവര്‍ സംസാരിച്ചു. സുരക്ഷിതമായ വിദേശ തൊഴില്‍ കുടിയേറ്റ നടപടിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.