കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നടുപ്പൊയിൽ സ്ഥിതി ചെയ്യുന്ന ബഡ്സ് സ്കൂളിന് വടകര എം.പി ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ വാഹനം വാങ്ങാൻ അനുവദിച്ചു. വടകര ലോകസഭാ മണ്ഡലത്തിലെ മൂന്ന് ബഡ്സ് സ്കൂളുകൾക്കാണ് 17 ലക്ഷം രൂപ വീതം അനുവദിച്ചത്. എം.പി ആയ ശേഷം നടുപ്പൊയിൽ ബഡ്സ് സ്കൂൾ ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ പി.ടി.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്ന് എം.പി നൽകിയ ഉറപ്പ് പാലിക്കപ്പെടുകയായിരുന്നു.
കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉയർത്തിക്കൊണ്ട് എം.പിക്ക് നിവേദനം നൽകിയിരുന്നു. ബഡ്സ് സ്കൂളിന് വാഹനം വാങ്ങാൻ ഫണ്ട് അനുവദിച്ച ഷാഫി പറമ്പിൽ എം.പിയെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു.