-രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പുറത്തെ പണി പാടില്ല എന്ന നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും
-ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു
വരൾച്ച നേരിടുന്നതിന് വിവിധ വകുപ്പുകളെ സജ്ജമാക്കുന്നതിന് കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേർന്നു. വേനൽ കടുക്കുന്നതോടെ വരൾച്ച സാധ്യത മുൻകൂട്ടി കണ്ടു കൊണ്ടുള്ള സംസ്‌ഥാന ദുരന്തം നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നത്.
യോഗത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള 451 ശുദ്ധ ജല കിയോസ്ക്കുകൾ പരിശോധിച്ച് പ്രവർത്തിക്കാത്തവ പ്രവർത്തന യോഗ്യമാക്കാൻ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി ടാങ്കർ ലോറികൾ വഴി ശുദ്ധ ജലം വിതരണം ചെയ്തു വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണം.
അടഞ്ഞു കിടക്കുന്ന കനാലുകൾ നന്നാക്കുന്നതിനും പൊതുസ്‌ഥലങ്ങളിൽ അഗ്നി ബാധക്ക് കാരണമാകുന്ന ചപ്പുചവറുകൾ കൂട്ടിയിടുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തദ്ദേശ സ്‌ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം ക്രമീകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെ ഒഴിവ് നൽകണം. ഈ നിർദേശം പാലിക്കുന്നുണ്ടോ എന്ന് ലേബർ ഓഫീസുകൾക്ക് കീഴിലെ സ്‌ക്വാഡുകൾ പരിശോധിക്കും.
വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജലസേചന വകുപ്പ് മുഖേന ജില്ലയിൽ പുതിയ തടയണകളുടെയും വിസിബി (വെന്റഡ് ക്രോസ് ബാർ) കളുടെയും നിർമ്മാണം, നിലവിലുള്ള വിസിബികളുടെ പുനരുദ്ധാരണം, കുളങ്ങളുടെ നവീകരണം, ഉപ്പുവെള്ള പ്രതിരോധ പ്രവൃത്തികൾ എന്നിങ്ങനെ 28 വിവിധ ജലസംരക്ഷണ പ്രവർത്തികൾ നടപ്പിലാക്കുന്നുണ്ട്.
ജില്ലാ അഗ്നിരക്ഷാ സേനയുടെ ഓഫീസിന് കീഴിലുള്ള മുഴുവൻ അഗ്നിരക്ഷാ നിലയങ്ങളിലും മോക്ഡ്രിൽ, ബോധവത്കരണ ക്ലാസുകൾ എന്നിവ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നൽകിവരുന്നുണ്ട്. ജില്ലയിലെ മാലിന്യ സംസ്കരണ പ്ലാൻ്റകളിൽ തുടർച്ചയായ ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്തു വരുന്നു.
കൃഷി, വനം, മൃഗ സംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളും വരൾച്ച നേരിടുന്നതിനുള്ള നിർദ്ദേശങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
മഴയ്ക്ക് മുന്നേ മാലിന്യമുക്ത ക്യാമ്പയിൻ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താനും യോഗം നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ അനിത കുമാരി, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സരുൺ കെ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ രാജേന്ദ്രൻ, ഡിഎഫ്ഒ ആഷിഖ് അലി, എസിപി കെ എ ബോസ്, ജില്ലാ ഫയർ ഓഫീസർ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജേഷ് ടി ജി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.