തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

വയനാട്ടു കുലവൻ

വടക്കെ മലബാറിലെ തിയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. ആദി തിയ്യൻ ആയതുകൊണ്ട് വയനാട്ടുകുലവനെ തൊണ്ടച്ചൻ എന്നും വിളിക്കുന്നു.ഐതിഹ്യം, ചരിത്രം,അനുഷ്ഠാനം, സൗന്ദര്യം തുടങ്ങിയ വിവിധഘടകങ്ങളാൽ വളരെ പ്രാധാന്യമർഹിക്കുന്ന തെയ്യമാണിത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിരവധി കാവുകളിൽ തൊണ്ടച്ചൻ ആരാധിക്കപ്പെടുന്നുണ്ട്. വയനാട്ടുകുലവനെ കെട്ടിയാടുന്ന പല സ്ഥലങ്ങളിലും കണ്ടനാർ കേളൻ,കുഞ്ഞിക്കോരൻ എന്നീ തെയ്യങ്ങളും ഉണ്ടാകാറുണ്ട്. ഐതിഹ്യപരമായി ഈ തെയ്യങ്ങൾ വയനാട്ടുകുലവനുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണിത്. അത്യുത്തരകേരളത്തിൽ സവർണ്ണ -അവർണ്ണ ഭേദമില്ലാതെ ആരാധിക്കപ്പെടുന്ന ജനപ്രിയ ദേവതകളിൽ ഒന്നാണ് വയനാട്ടുകുലവൻ. മറ്റൊരു ജനകീയ ദൈവമായ മുത്തപ്പനും വയനാട്ടുകുലവനും തമ്മിലുള്ള പുരാവൃത്ത – അനുഷ്ഠാന -സാമൂഹിക സമാനതകൾ കൂടുതൽ പഠാനാർഹമാണ്.

പുരാവൃത്തം :

വയനാട്ടുകുലവൻ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായിബന്ധപ്പെട്ടതാണ്.
ഒരിക്കൽ ശിവനും പാർവതിയും കാട്ടിൽ വേട്ടയാടിക്കൊണ്ടിരിക്കെ കാമാതുരനായ പരമശിവൻ രതിക്കായ് പാർവ്വതിയെ വിളിച്ചെങ്കിലും പാർവ്വതി തയ്യാറായില്ല. അങ്ങനെ പരമേശ്വരന് ഇന്ദ്രിയ സ്ഖലനമുണ്ടാവുകയും ബീജം നിലത്തു വീഴുകയും ചെയ്തു. ആ ബീജത്തിൽ നിന്ന് കരിമകൾ, തിരുമകൾ, തേൻ മകൾ എന്നീ പേരുകളിൽ മൂന്നു വൃക്ഷങ്ങൾ ഉണ്ടായി. കുറച്ചു കാലത്തിനു ശേഷം ശിവൻ കാട്ടിൽ പോയപ്പോൾ അതിൽ തേൻമകൾ എന്ന വൃക്ഷത്തിന്റെ ചുവട്ടിൽ ‘പാലു പോലുള്ള മദ്യം ഊറിവരുന്നതു കാണാനിടയായി. അങ്ങനെ ഊറി വന്ന ‘മധു’ കുടിച്ച് ശിവൻ ”മത്തവിലാസം ശിവഭ്രാന്താടി”. കുടിച്ച് മദിച്ചു വരുന്ന ശിവനെക്കണ്ട് ശ്രീപാർവ്വതി ഭയപ്പെട്ടോടുകയും പിന്നെ ശിവനറിയാതെ വൃക്ഷത്തിനരികിൽ ചെന്ന് മധു തടവി മേല്പോട്ടാക്കുകയും ചെയ്തു.
പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ വൃക്ഷത്തിന്റെ മുകളിലാണ് കാണാൻ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവൻ തൃജ്ജടകൊണ്ട് തൃത്തുടമേൽ തല്ലിയപ്പോൾ ഒരു പുത്രനുണ്ടാവുകയും അവന് ‘ദിവ്യ ‘നെന്ന് പേരിടുകയും ചെയ്തു. വൃക്ഷത്തിൽ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവൻ ‘കദളി എന്ന മധുവന’ത്തിൽ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാൽ വിലക്കു വകവയ്ക്കാതെ ദിവ്യൻ ‘കദളി മധുവനത്തിൽ’ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകൾ പൊട്ടി മധുകുംഭത്തിൽ വീണു. മാപ്പിരന്ന മകന് പൊയ്‌കണ്ണും മുളം ചൂട്ടും മുള്ളനമ്പും മുളവില്ലും നൽകി അനുഗ്രഹിച്ചു ഭൂമിയിലേക്കയച്ചു. ഭൂമിയിൽ ദൈവം ആദ്യമായ് വന്നു ചേർന്നത് വയനാട്ടിലായിരുന്നതുകൊണ്ടാണ് വയനാട്ടുകുലവൻ എന്ന പേര് ലഭിച്ചത്. കരിവില്ലും കരിയമ്പും കന്നക്കത്തിയും പൊയ്ക്കണ്ണും തൃക്കണ്ണും മുളം ചൂട്ടുമായി യാത്ര തുടർന്ന കുലവന്റെ ചൂട്ടുകെട്ടു പോയി. ദേഷ്യം പിടിച്ച ദൈവം ചൂട്ടും പൊയ്ക്കണ്ണും വലിച്ചെറിഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണന്റെ പടിഞ്ഞാറ്റയിലാണ്. കണ്ണും ചൂട്ടും തുള്ളുന്നതു കണ്ടു പേടിച്ച കണ്ണനോട് കണ്ണും ചൂട്ടും അകത്തു വച്ചുകൊള്ളാൻ ദേവൻ ദർശനം നൽകി പറയുകയും അവിടെ കുടിയിരിക്കുകയും ചെയ്തു.വയനാടു വിട്ട് ദൈവം മലനാട്ടിൽ വളപട്ടണം കോട്ടയിൽ എത്തിയപ്പോൾ ആ വിവരം രാജാവിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു.അപ്പോൾ രാജാവ് വയനാട്ടുകുലവന്റെ കെട്ടിക്കോലം കാണണമെന്നു കല്പിച്ചു.അതോടെയാണ് വയനാട്ടുകുലവന്റെ തെയ്യക്കോലം കെട്ടിയാടൻ തുടങ്ങിയത്.

മുത്തപ്പനെപ്പോലെ തൊണ്ടച്ചന്റെ ഉരിയാട്ടവും ഏറെ ശ്രദ്ധേയമാണ്. തമാശരൂപത്തിൽ തത്ത്വചിന്താപരവും ഗൌരവമായ കാര്യങ്ങൾ പറയുന്ന ശൈലി വളരെ ആകർഷണീയമാണ്.
“കണ്ണും കാണൂല്ല, ചെവിയും കേക്കൂല തൊണ്ടച്ചന് എന്നാൽ കരിമ്പാറമ്മന്ന് കരിമ്പേൻ ഇരിയുന്നത് കാണാം, നെല്ലിച്ചപ്പ് കൂപത്തിൽ വീഴുന്നത് കേൾക്കാം”
“അരിഞ്ഞ് കുടിക്കല്ല, കറന്നു കുടിക്യാ വേണ്ടത് അല്ലേ കോരേ? “
“വിളമ്പുന്ന ആൾത്തരം ചിന്തിച്ചില്ലെങ്കിലും തോന്നുന്ന ആൾത്തരം ചിന്തിക്കണം അല്ലേ കോരേ? “
തുടങ്ങിയ അർത്ഥവത്തായ വാചകങ്ങളാണ് ഭക്തർക്ക് അനുഗ്രഹം നൽകികൊണ്ട് വയനാട്ടുകുലവൻ തെയ്യം പറയാറുള്ളത്.
കണ്ണൂർ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വർഷവും വയനാട്ടുകുലവൻ തെയ്യം കെട്ടിയാടുമെങ്കിലും, കാസർഗോഡ് ജില്ലയിൽ വയനാട്ടുകുലവനെ കെട്ടിയാടിക്കുന്ന ‘ തെയ്യം കെട്ട് ‘വളരെ വർഷം കൂടുമ്പോൾ , പെരുങ്കളിയാട്ടം പോലെ വലിയ രീതിയിലാണ് ആഘോഷിക്കാറുള്ളത്.ഒരു നായാട്ടുദേവതയായ തൊണ്ടച്ചന് അവിടങ്ങളിൽ ഇന്നും നായാട്ട് പതിവുണ്ട്. വർഷത്തിൽ രണ്ടും മൂന്നും തെയ്യംകെട്ടുകൾ നടക്കുന്ന ഇക്കാലത്ത് ഇത്തരം മൃഗവേട്ട എത്രത്തോളം അഭിലഷണീയമാണെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
“അരിഞ്ഞ് കുടിക്കല്ല, കറന്നു കുടിക്യാ വേണ്ടത് എന്ന തൊണ്ടച്ചന്റെ, എന്നും പ്രസക്തമായ, മൊഴിയുടെ പൊരുൾ മനസ്സിലാക്കാതെ തൊണ്ടച്ചനെ ആരാധിച്ചതുകൊണ്ട് എന്തു ഫലം?

 

വണ്ണാൻ സമുദായക്കാരാണ് വയനാട്ടുകുലവൻ തെയ്യം കെട്ടാറുള്ളത്. “വട്ടക്കണ്ണിട്ടെഴുത്ത് ” എന്നാണ് തൊണ്ടച്ച ന്റെ മുഖത്തെഴുത്ത് അറിയപ്പെടുന്നത്. ശിരസ്സിൽ ചെറിയ തിരുമുടിയും മുഖത്ത് പൊയ്ക്കണ്ണും കൈയിൽ മുളഞ്ചൂട്ടും അമ്പും വില്ലുമായി വരുന്ന തൊണ്ടച്ഛൻ, തെയ്യങ്ങളിലെ പുരുഷ സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവമാണ്.

Leave a Reply

Your email address will not be published.

Previous Story

വിശുദ്ധിയും പരിത്യാഗവും

Next Story

കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ എം.സി.ഗംഗാധരൻ കോമത്തുകരയിലെ ശ്രീഗംഗയിൽ അന്തരിച്ചു

Latest from Culture

തെയ്യം- വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – വേട്ടയ്ക്കൊരുമകൻ

വേട്ടയ്ക്കൊരു മകൻ തെയ്യം ആരാധനയിൽ ഏറെ പ്രാധാന്യമുള്ള ഒരു ദേവതയാണ് വേട്ടയ്ക്കൊരു മകൻ അഥവാ കിരാതസൂനു.പുരാണകഥാപാത്രങ്ങൾ തെയ്യങ്ങളായി മാറുന്നതിനും ഇതിഹാസനായകന്മാരെ ചരിത്രത്തിൽ

തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – തിരുവർക്കാട്ട് ഭഗവതി

തിരുവർക്കാട്ട്ഭഗവതി അമ്മദൈവങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന, ഏറ്റവും പ്രാധാന്യമുള്ള ദേവതയാണ് തിരുവർക്കാട്ടുഭഗവതി. കണ്ണൂർ പഴയങ്ങാടിക്കടുത്തുള്ള മാടായിക്കാവിൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണിത്. തായ്പരദേവത, കോലസ്വരൂപത്തിങ്കൽ തായ്,

2025 പുതുവർഷം നിങ്ങൾക്കെങ്ങനെ……………? തയ്യാറാക്കിയത് : വിജയൻ ജ്യോത്സ്യര്‍

2025 പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ, ജീവിതത്തില്‍ നല്ല പ്രതീക്ഷ വെച്ച് പുലര്‍ത്തുക. ജീവിതവും കാലവും ഗുണദോഷ സമ്മിശ്രമാണ്. 

കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ജോൺ എബ്രഹാം ഇന്ത്യൻ സിനിമയിൽ അത്ഭുതം സൃഷ്ടിക്കുമായിരുന്നു;ജോൺ എബ്രഹാമിന്റെ 87-ാം ജന്മദിനമാണ് ഇന്ന്

സാജിദ് മനക്കൽ                        കുറച്ചു കാലം കൂടി