താമരശ്ശേരി: ലഹരി മാഫിയക്കും വർധിച്ചുവരുന്ന അക്രമങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി മുതൽ ചുങ്കം വരെ നൈറ്റ് മാർച്ച് നടത്തി. നൈറ്റ് മാർച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്‌തു. ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കാത്ത സർക്കാരിൽ നിന്നുള്ള മോചനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ രക്ഷിക്കേണ്ട സർക്കാർ സംവിധാനങ്ങൾ അത്രയും ലഹരി മാഫിയകൾക്കു മുൻപിൽ മുട്ടിടിച്ചു നിൽക്കുകയാണ്. ആദ്യം ഇതിനു മാറ്റം ഉണ്ടാകണം. ലഹരി വിതരണ ശൃംഖലയെ യുദ്ധകാല അടിസ്‌ഥാനത്തിൽ അറുത്ത് മാറ്റിയില്ലെങ്കിൽ കേരളത്തിൽ അരാജകത്വം സൃഷ്ടിക്കും. ലഹരി മാഫിയകൾക്കെതിരെ ആത്മാർഥമായി നടത്തുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങളുമായും കോൺഗ്രസും യൂത്ത് കോൺഗ്രസും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ട താമരശ്ശേരിയിലെ വിദ്യാർഥി ഷഹബാസിന്റെ കുടുംബത്തിനു നീതി ഉറപ്പുവരുത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷഹബാസിൻ്റെ കുടുംബത്തെ ചേർത്തു പിടിക്കുന്നതായി ഷാഫി പറമ്പിൽ പറഞ്ഞു. നൂറുകണക്കിനു പ്രവർത്തകർ നൈറ്റ് മാർച്ചിൽ അണി നിരന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ ഷഹിൻ അധ്യക്ഷത വഹിച്ചു. കെ.എം.അഭിജിത്ത്, വി.പി.ദുൽഖിഫിൽ, സൂഫിയാൻ ചെറുവാടി, വൈശാൽ കല്ലാട്ട്, ജസ്മിന മജീദ്, ടി.എം.നിമേഷ്, വി.ടി. നിഹാൽ, ബവിത്ത് മലോൽ, വൈശാഖ് കണ്ണോറ, ഹബീബ് തമ്പി, എം.ധനീഷ് ലാൽ, സനൂജ് കുരുവട്ടൂർ, ഫസൽ പാലങ്ങാട്, എം.പി.സി.ജംഷിദ്, പി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.