കൊടുവള്ളി: പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി നടന്ന കാഴ്ചവരവ് ഘോഷയാത്ര ഭക്തിസാന്ദ്രമായി. ചെണ്ടമേളം, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്രം ട്രസ്റ്റി സൂരജ് മക്കാട്ട് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി വിശിഷ്ടാതിഥിയായി. ക്ഷേത്ര സാംസ്കാരിക സമിതി പ്രസിഡന്റ് സി.ശ്രീധരൻ അധ്യക്ഷനായി. ചടങ്ങിൽ സംസ്കാരിക സമിതിയിലെയും മാതൃ സമിതിയിലെയും മുതിർന്ന പ്രവർത്തകരെ ആദരിച്ചു. രാത്രി ക്ഷേത്രം യുവജന സമിതി സംഘടിപ്പിച്ച മെഗാ ഗാനമേളയും ഉണ്ടായിരുന്നു.
എട്ടിന് ശനിയാഴ്ച രാവിലെ ആറ് മുതൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. രാവിലെ ഒൻപത് മുതൽ 12 വരെ നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണയവും നടക്കും. തുടർന്ന് പ്രസാദ ഊട്ട്. വൈകീട്ട് 6.30 ന് സർപ്പബലി.