ദൈവവും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തിൻ്റെ ഉദാത്തമായ പ്രകാശനമാണ് പ്രാർത്ഥന. മനുഷ്യർ എത്ര തന്നെ വളർന്ന് വലുതായാലും അധികാരവും സമ്പത്തും ഉണ്ടായാൽ പോലും ചില സന്ദർഭങ്ങളിൽ അവർ നിസ്സഹായരാണ്. പല ഘട്ടങ്ങളിലും അവന് ദൈവികസഹായം തേടി പ്രാർത്ഥിക്കേണ്ടി വരും. പ്രാർത്ഥനക്ക് സവിശേഷ പ്രാധാന്യമുള്ള സമയങ്ങളാണ് റമദാനിലെ രാപ്പകലുകൾ. നോമ്പുകാരനെ അല്ലാഹു പ്രത്യേകം പരിഗണിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
നബി (സ) പറയുന്നു. നോമ്പുകാരൻ്റെ ഉറക്കം ദൈവാരാധനയും അവൻ്റെ മൗനം ദൈവസ്മരണയുമാണ്. അവൻ്റെ പ്രവർത്തികൾക്ക് ഇരട്ടി പ്രതിഫലം നൽകുന്നതും പ്രാർത്ഥനകൾ സ്വീകരിക്കപ്പെട്ടുന്നതുമാണ്. നമ്മുടെ എല്ലാ പ്രയാസങ്ങൾക്കും പ്രശ്നങ്ങൾക്കം പരിഹാരമായി നാo പ്രാർത്ഥനയെ അവലംബിക്കുക. റമദാനിൻ്റെ രാപ്പകലുകളിൽ പ്രാർത്ഥനകളിൽ മുഴുകി സൗഭാഗ്യം നേടുക. പ്രാർത്ഥനകൾ ഉത്തരം കിട്ടുന്ന പ്രത്യേക സന്ദർഭങ്ങളാണ് രാത്രിയുടെ അന്ത്യയാമങ്ങൾ, ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള സമയം, നോമ്പുകാരൻ നോമ്പ് തുറക്കുന്ന സമയം. ഇവിടങ്ങളിലെല്ലാം നിറഞ്ഞ പ്രാർത്ഥനയോടെ ആത്മീയമായ കരുത്ത് നേടാൻ നോമ്പുകാരൻ ശ്രദ്ധിക്കേണ്ടതാണ്.