മേലൂർ ആന്തട്ട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടേയും ഉത്സവാഘോഷകമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രീഭദ്ര മുടിയേറ്റ് സംഘം കൊരട്ടി അവതരിപ്പിച്ച മുടിയേറ്റ് നടന്നു. പ്രശസ്ത മുടിയേറ്റ് കലാകാരനും സംഗീതനാടക അക്കാദമി പുരസ്കാരജേതാവുമായ വാരണാട്ട് ശങ്കരനാരായണ കുറുപ്പിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തിലെ ഭദ്രകാളീ ക്ഷേത്രത്തിൽ നടക്കുന്ന ഈ അനുഷ്ഠാനം കൊയിലാണ്ടി ഭാഗങ്ങളിൽ ആദ്യമായി അരങ്ങേറിയത്.
ഭദ്രകാളി ദാരികനെ വധിക്കുന്നതാണ് ഇതിന്റെ പ്രമേയം. ഏതാണ്ട് അഞ്ചു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ അനുഷ്‌ഠാനത്തിൽ കളമെഴുത്ത്, പാട്ട്, കളം മായ്ക്കൽ എന്നീ ചടങ്ങുകൾക്ക് ശേഷമാണ് മുടിയേറ്റ് നടക്കുക. ശിവ നാരദ സംവാദത്തോടെ തുടങ്ങുന്ന മുടിയേറ്റിന്റെ തുടക്കത്തിൽ അരങ്ങുകേളിയും അരങ്ങുവാഴ്ത്തും ഉണ്ടാകും. കാളിയുടെയും ദാരികന്റെയും പുറപ്പാടും യുദ്ധവുമാണ് ഏറ്റവും പ്രധാനം. വാരണാട്ട് മധു ശങ്കർ, വാരണാട്ട് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ യഥാക്രമം ഭദ്രകാളി, ദാരികൻ എന്നീ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. അതിനു പുറമെ നാരദൻ, ശിവൻ, ദാനവേന്ദ്രൻ, കൂളി എന്നീ കഥാപാത്രങ്ങളും അരങ്ങിലെത്തും.
ലൈബ്രറി സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു.ലൈബ്രറി പ്രസിഡന്റ് കെ. വി. രാമചന്ദ്രൻ വാരണാട്ട് ശങ്കരനാരായണ കുറുപ്പിനെ ആദരിച്ചു. രൺദീപ് പി. ആർ. നന്ദി പറഞ്ഞു.