ചോദ്യപേപ്പർ ചോർച്ച കേസിൽ കുറ്റസമ്മതവുമായി കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് ഉടമയുമായ മുഹമ്മദ് ഷുഹൈബ്. ചോദ്യപേപ്പർ ചോർന്നതായി മൊഴി നൽകിയ ഷുഹൈബ് ഉത്തരവാദികൾ മറ്റ് പ്രതികളെന്നും പറഞ്ഞു.
അതേസമയം കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യ പേപ്പർ ചോർന്നതിൽ മറ്റ് സ്ഥാപനങ്ങൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ലാഭം ഉണ്ടായോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഇന്നലെ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു. തൻ്റെ സ്ഥാപനത്തെ തകർക്കാൻ ഒരു പ്രമുഖ സ്ഥാപനം ശ്രമിക്കുന്നുണ്ടെന്ന് ഷുഹൈബ് ആരോപിച്ചു. മറ്റൊരു ട്യൂഷൻ സ്ഥാപനം എം.എസ് സൊല്യൂഷൻസിനെ തകർക്കാൻ ഫഹദിനെ പറഞ്ഞയച്ചുവെന്നും തൻ്റെ നാട്ടിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് മറ്റൊരു ട്യൂഷൻ സ്ഥാപനം 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഷുഹൈബ് ആരോപിച്ചു.