കേരളത്തിലെ അസ്വസ്ഥരായ യുവാക്കള്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ലെന്നും അവര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ പറ്റുന്ന പരിപാടികള്‍ സര്‍ക്കാരിനുണ്ടോയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശ്രീ എ.കെ.ആന്റണി. അമേരിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു വരവ്, കുടിയേറ്റത്തിനെതിരെ ഉയരുന്ന ജനവികാരം തുടങ്ങിയവ യുവാക്കളെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിയണം.
സ്റ്റാര്‍ട്ടപ്പ് കൊണ്ട് മാത്രം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങി അനേകം പേര്‍ക്ക് തൊഴിലവസരം നല്‍കിയത് പോലുള്ള പുതിയ ആശയങ്ങള്‍ കടന്നുവരണം. സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രം മതിയെന്നും മറ്റുള്ളവര്‍ സമരം ചെയ്യാന്‍ പാടില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് മാറണം. മധുരഭാഷണത്തിലൂടെയുള്ള വാഗ്ദാനം നല്‍കി ഇനിയും ചെറുപ്പക്കാരെ കബളിപ്പിക്കാനാവില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം പോലും അഭ്യസ്തവിദ്യരായ മലയാളിക്ക് നാട്ടില്‍ കിട്ടിന്നില്ല. എല്ലാവരെയും ഒന്നായി കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഇത്രയും നാള്‍ സമരം ചെയ്യേണ്ടി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു..