സാധാരണ ജീവിതത്തിൽ അനുഭവപ്പെടുന്ന അസുഖങ്ങൾക്ക് ആയുർവ്വേദത്തിലൂടെ ചികിത്സ നിർദ്ദേശിക്കുന്ന കെ. ഗോപാലൻ വൈദ്യരുടെ ചെറുകുറിപ്പുകൾ, (പരമ്പര) ദി ന്യൂപേജ് ഓൺലൈനിലൂടെ വായിക്കാം.
കെ. ഗോപാലൻ വൈദ്യർ
വടകരയിലെ മുടപ്പിലാവിൽ ജനനം. പൊക്കൻ, അമ്മാളു ദമ്പതികളുടെ മകൻ. വടകര ബി.ഇ.എം. ഹൈസ്‌കൂളിൽനിന്നും എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കി. അമ്മയുടെ വൈദ്യകുടുംബത്തിൽനിന്നും പാരമ്പര്യവൈദ്യപഠനത്തിന് തുടക്കം. പിന്നീട് നിരവധി ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ആയുർവ്വേദം, ആദിവാസിവൈദ്യം, സിദ്ധപുല്പാണിചികിത്സ, കളരിമർമ്മചികിത്സ, പഞ്ചകർമ്മ, വിഷവൈദ്യം, യോഗചികിത്സ, സിദ്ധവൈദ്യം, ഹിപ്‌നോട്ടിസം, സൂര്യയോഗ, ക്രിയായോഗ തുടങ്ങിയ മേഖലകളിൽ തുടർപഠനം. പാരമ്പര്യമായി പകർന്നുകിട്ടിയ ചികിത്സാ അറിവുകൾ ചിട്ടപ്പെടുത്തി അരനൂറ്റാണ്ടിലേറെയായി രോഗികൾക്ക് രോഗശമനമുണ്ടാക്കുന്നു. വയസ്സ് 84. ഇപ്പോൾ മുക്കാളി സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം
ആസ്ഥാനഗുരുനാഥൻ.
നാട്ടുപാരമ്പര്യവൈദ്യം
മനുഷ്യോത്പത്തിയോളം പഴക്കമുള്ളതാണ് നാട്ടുപാരമ്പര്യ വൈദ്യം. പാരമ്പര്യമായി പകർന്നുകിട്ടിയ ചികിത്സാ അറിവുകൾ കാത്തുസൂക്ഷിക്കേണ്ടത് വരുംകാലത്തിന്റെ ആവശ്യമാണ്. പാരമ്പര്യ നാട്ടുവൈദ്യം ആധുനികരീതികളോടൊപ്പം ജനകീയമാക്കണം.
മാറിയ ജീവിതരീതികൾക്കും ഭക്ഷണരീതികൾക്കുമൊപ്പം രോഗങ്ങളും പെരുകുകയാണ്. ആധുനിക വൈദ്യശാസ്ത്രം വികസിക്കുന്തോറും തീവ്രതയേറിയ ഭയാനകമായ രോഗാവസ്ഥകൾ മനുഷ്യനോട് മത്സരിക്കുകയാണ്. രോഗഭീതിയിൽ രാജ്യം അടച്ചിടേണ്ടിവരുന്നു. മുഖാവരണമണിഞ്ഞും അകന്നുകഴിഞ്ഞും ജീവിക്കേണ്ടിവരുന്ന മനുഷ്യർ. വീടുകളിൽ തളച്ചിടപ്പെടുന്ന ബാല്യകാലം. ഭാവിയിൽ അവരിലുണ്ടാകാൻപോകുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ ആശങ്കപ്പെടുത്തുന്നു. ആരോഗ്യനയം പുനർവ്വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
ഇന്ന് പ്രകൃതിയിൽനിന്ന് ഏറെ അകന്ന മനുഷ്യന് പ്രകൃതിയെ അനുസരിക്കൽ അനിവാര്യമാണ്. അതുകൊണ്ടുതന്നെ നാട്ടുപാരമ്പര്യവൈദ്യവും രോഗശമനത്തിനുള്ള ഔഷധസസ്യങ്ങളും ഇവിടെ നിലനിൽക്കണം.