മഞ്ഞപ്പിത്തവും മറ്റു പകര്‍ച്ചാവ്യാധികളും പടരുന്ന സാഹചര്യത്തില്‍ താമരശ്ശേരിയില്‍ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. പ്രധാനമായും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സും കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാല്‍ ചുറ്റപ്പെട്ട തട്ടുകടകള്‍, ഉപ്പിലിട്ടതും ജ്യൂസും വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധ നടത്തിയത്. മഞ്ഞപ്പിത്തം വ്യാപിക്കാന്‍ കാരണം ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ കഴിച്ചതിനാലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത്തരം കടകളില്‍ പ്രത്യേക പരിശോധ നടത്തിയത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പഞ്ചായത്തിരാജ് ആക്ട്, കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, ജെഎച്ച്‌ഐമാരായ ഗിരീഷ് കുമാര്‍, നീതു, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.