ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതിയായ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂൺ അബ്ദുൽ നാസർ ഇന്നലെ അറസ്റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഷുഹൈബിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തൊട്ടുപിന്നാലെ ഒളിവിൽ പോയ ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു.
കേസുമായി സഹകരിക്കണമെന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യക്കടലാസ് ചോർച്ച നടന്നിട്ടില്ലെന്നും ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ മൊഴി. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യക്കടലാസ് തയാറാക്കിയതെന്നും തനിക്ക് അതിൽ പങ്കില്ലെന്നും ഷുഹൈബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഷുഹൈബ് നൽകിയ ചോദ്യക്കടലാസ് യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് എന്നായിരുന്നു അധ്യാപകരുടെ മൊഴി.
അതേസമയം, ഈ മേഖലയിൽ 8 വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും അതുപയോഗിച്ചാണ് ചോദ്യങ്ങളും വീഡിയോയും തയാറാക്കിയതെന്നും മറ്റു പല സ്ഥാപനങ്ങളും സമാനരീതിയിലുള്ള വീഡിയോകൾ തയാറാക്കിയിരുന്നെന്നും എന്നാൽ, തനിക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നും കണക്കാക്കി മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഷുഹൈബിന്റെ ആവശ്യം. എന്നാൽ, സർക്കാരിന്റെ മറുവാദം അംഗീകരിച്ച കോടതി ‘മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നു’ എന്ന ഒറ്റവാചകത്തിലൂടെ ഷുഹൈബിന്റെ ആവശ്യം തള്ളുകയായിരുന്നു.