സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എ കെ ബാലൻ പതാക ഉയർത്തി. പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. മധുരയിൽ ഏപ്രിൽ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകൾ ആണ് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചേർന്നത്. പിബി അംഗങ്ങളായ പിണറായി വിജയൻ, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജൂകൃഷ്ണൻ, എ ആർ സിന്ധു എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ഒമ്പതിനു വൈകിട്ട് സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) 25,000 ചുവപ്പുസേനാംഗങ്ങളുടെ പരേഡും രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലിയും ഉണ്ടാകും.