വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ. പെറ്റമ്മലിലെ പെട്ടിക്കടയില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ മിഠായികള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി ആകാശിനെ ഇന്നലെ (മാര്‍ച്ച് 05) എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്.
കഞ്ചാവ് കലര്‍ത്തിയ 31 മിഠായികള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. ഓരോ മിഠായിക്കും 96 ഗ്രാം തൂക്കം വരും. 30 രൂപ മുതല്‍ 50 രൂപ വരെയാണ് മിഠായിയുടെ വില. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപത്തെ പെട്ടിക്കടകളിലൂടെയാണ് മിഠായി വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവ് ലഹരിയായി ഉപയോഗിക്കുമ്പോള്‍ അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടും എന്നതാണ് വിദ്യാര്‍ഥികളെ ഇത്തരം മിഠായികളിലേക്ക് ആകര്‍ഷിക്കുന്നത്.
ഉത്തരാഖണ്ഡില്‍ നിന്നാണ് മിഠായികള്‍ കേരളത്തിലെത്തിക്കുന്നത്. മൊത്തമായി കേരളത്തിലെത്തിക്കുന്ന മിഠായി വിവിധ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പനയും നടത്തും. ലഹരിക്കെതിരെയുള്ള പോരാട്ടം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും എക്‌സൈസ് അറിയിച്ചു.