കേരളത്തിൽ പതിനാറായിരത്തോളം അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാതെ സർക്കാർ പ്രശ്നം വഷളാക്കുകയാണെന്നും ഭിന്നശേഷിയുടെ പേരിൽ നടക്കുന്ന ഈ അനീതി സർക്കാർ വിചാരിച്ചാൽ പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആറ് വർഷം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത അലീന ബെന്നിയുടെ കുടുംബത്തിനും നിയമനാംഗീകാരത്തിനായി കാത്തിരിക്കുന്ന പതിനാറായിരത്തോളം അധ്യാപകർക്കും നീതി ലഭ്യമാക്കണമെന്നും അലീന ടീച്ചറിൻ്റെ മരണത്തിലെ ഒന്നാം പ്രതി സംസ്ഥാന സർക്കാരും രണ്ടാം പ്രതി വിദ്യാഭ്യാസ വകുപ്പും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പങ്കാളിത്തപെൻഷൻ പിൻവലിക്കാമെന്ന് പറഞ്ഞ് വോട്ട് ചോദിച്ച് അധികാരത്തിൽ വന്ന ഇടതു സർക്കാർ എട്ടര വർഷം പൂർത്തിയാക്കിയിട്ടും പങ്കാളിത്തപെൻഷൻ പിൻവലിക്കാൻ തയ്യാറാകാത്തത് അധ്യാപകരോടും ജീവനക്കാരോടുമുള്ള കടുത്ത വഞ്ചനയാണെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യു ഡി എഫ് അധികാരത്തിലെത്തിയാൽ പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്നും ജീവനക്കാർക്ക് ഇടതു സർക്കാർ നിഷേധിച്ച മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ജി സുബോധൻ, കെ പി എസ് ടി എ ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ , ബി സുനിൽകുമാർ, എൻ രാജ്മോഹൻ , ബി ബിജു, അനിൽ വെഞ്ഞാറമൂട്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, ജി കെ ഗിരീഷ്, എം കെ അരുണ, പി എ ജോൺ ബോസ്കോ, പി എസ് മനോജ്, പി വിനോദ് കുമാർ , പി എം നാസർ, ഹരിലാൽ പി പി , പി എം ശ്രീജിത്ത്, സന്ധ്യ സി വി, ആബിദ് റ്റി, തനൂജ ആർ എന്നിവർ പ്രസംഗിച്ചു. മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച വമ്പിച്ച അധ്യാപക പ്രകടനം മ്യൂസിയം വഴി നിയമസഭയ്ക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.