അത്തോളി വി.കെ റോഡിൽ എം.ഡി.എം.എ ലഹരി വിൽപനക്കാരൻ പോലീസ് പിടിയിൽ. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പിടിയിലായത്. അത്തോളി പ്രദേശങ്ങളിൽ പ്രതി ലഹരി വിതരണം ചെയ്തു വന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഹാരിസ് പുലർച്ചെ അത്തോളിയിൽ എം.ഡി.എം.എ വിൽക്കാൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗവും സ്ഥലത്തെത്തി പ്രതിയെ തടഞ്ഞുവെക്കുകയും തുടർന്ന് അത്തോളി സബ് ഇൻസ്പെക്ടർ രാജീവും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളിൽ നിന്നും മാരകമയക്കുമരുന്നായ 0.910 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. പ്രതി സ്ഥിരമായി വൻതോതിൽ എം.ഡി.എം.എ വാങ്ങി വിൽപന നടത്തുന്നയാളാണെന്നും നിരവധി സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും ഇയാൾ ഇത് വിതരണം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരി വിരുദ്ധ സ്ക്വാഡ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷ് അറിയിച്ചു.