രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റേത് കിരീട സമാനമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റണ്ണർ അപ്പായ കേരളാ ടീമിനെ ആദരിക്കുന്നതിനായി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുത്തരായ വിദർഭയെ ആദ്യ ഇന്നിംഗ്സിൽ മറികടക്കുമെന്ന പ്രതീതി ഒരുഘട്ടത്തിൽ നിലനിന്നിരുന്നുവെന്നും അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടു പടിയായി നമുക്ക് ഈ നേട്ടത്തെ കരുതാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിചയസമ്പന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം. ചടങ്ങിൽ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ച്ചവെച്ച സച്ചിന് ബേബി, മുഹമ്മദ് അസറുദ്ദീന്, സല്മാന് നിസാര്‍, ജലജ് സക്സേന, ആദിത്യ സര്‍വാതെ, എം.ഡി.നിധീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കായികമന്ത്രി അബ്ദുറഹിമാൻ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, ജി.ആർ അനിൽ, കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ, കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ്, കോച്ച് അമയ് ഖുറേസിയ, കേരള ക്രിക്കറ്റ് ടീം താരങ്ങൾ,കെ സി എ ഭാരവാഹികൾ, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.