മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയിൽ 70 കുടുംബങ്ങളാണുള്ളത്. വാർഡ് 11 ൽ നിന്ന് 37 കുടുംബങ്ങളും വാർഡ് 10ൽ നിന്ന് 18 കുടുംബങ്ങളും വാർഡ് 12 ൽ നിന്ന് 15 കുടുംബങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത മേഖലയ്ക്ക് പുറത്ത് 50 മീറ്റർ പരിധിയിലുള്ള ഒറ്റപ്പെട്ട കുടുംബങ്ങളാണ് ലിസ്റ്റിലുളളത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം പുനരധിവാസ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മാര്‍ച്ച് 17നകം വ്യക്തത വരുത്താൻ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വയനാട് ദുരിത ബാധിതരില്‍ നിന്ന് തല്‍ക്കാലം ബാങ്ക് വായ്പ തിരിച്ചുപിടിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കും വരെ നടപടി പാടില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.