കൊയിലാണ്ടി: വേനല്‍ച്ചൂട് കനത്തതോടെ നാടെങ്ങും ജലക്ഷാമം രൂക്ഷമാകുന്നു. മലയോര മേഖലയിലുളള മിക്ക കിണറുകളും വറ്റിയിട്ട് നാളുകള്‍ ഏറെയായി. സാധാരണ വയലോരങ്ങളിലുള്ള വീടുകളിലെ കിണറുകളില്‍ ജലവിതാനം അത്ര വേഗത്തില്‍ കുറയില്ലായിരുന്നു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലും ജല ക്ഷാമം രൂക്ഷമാകുകയാണ്. കനാല്‍ വഴി ജലവിതരണം തുടങ്ങിയാലെ കിണറുകളിലും കുളങ്ങളിലും വയലുകളിലും വെള്ളം നിറയുകയുള്ളു.
ഫെബ്രുവരി 19ന് വടകര ഭാഗത്തേക്കുളള വലതുകര കനാലും 22ന് ഇടത് കര കനാലിലും ജല വിതരണം തുടങ്ങിയെങ്കിലും കൊയിലാണ്ടി മേഖലയിലേക്ക് ഇതുവരെ വെളളമെത്തിയിട്ടില്ല. രണ്ടാഴ്ചയോളം തുടര്‍ച്ചയായി കനാല്‍ വെള്ളമൊഴുകിയാലെ കിണറുകളും വയലുകളും നിറയുകയുളളു. അതോടെ ഒരു പരിധി വരെ പല പ്രദേശങ്ങളിലേയും ജലക്ഷാമത്തിന് പരിഹാരം കാണും. കനാല്‍ ജലവിതരണത്തെ പ്രതീക്ഷിച്ച് പച്ചക്കറി കൃഷി തുടങ്ങിയവര്‍ വെള്ളമൊഴിക്കാന്‍ കഴിയാതെ പ്രയാസപ്പെടുകാണ്. വരള്‍ച്ച രൂക്ഷമായി നില്‍ക്കുന്ന സമയത്ത് ചില കര്‍ഷകര്‍ വയലിലെ ഉണങ്ങിയ പുല്ലുകള്‍ക്ക് തീ കൊടുക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. കഴിഞ്ഞ ദിവസം നടേരി കുതിരക്കുട വയലില്‍ തീ പടര്‍ന്ന് പിടിച്ചത് ഒട്ടെറെ പേര്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കി.
കനാല്‍ വഴിയുള്ള ജലവിതരണത്തിന് കൃത്യത ഉറപ്പാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൃഷിയെക്കാള്‍ ഉപരി കനാല്‍ വെള്ളം കുടിവെള്ളമായിട്ടാണ് പല സ്ഥലത്തും മാറുന്നത്. നൂറ് കണക്കിനാളുകള്‍ കുളിക്കാനും അലക്കാനുമെല്ലാം കനാല്‍ ജലത്തെയാണ് ആശ്രയിക്കുന്നത്. പന്തലായനി ഭാഗത്ത് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കനാലുകള്‍ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്. കനാല്‍ മുറിച്ച് കടക്കുന്നിടത്ത് അടിയിലൂടെ വെള്ളം ഒഴുക്കി വിടാനുളള സജ്ജീകരണത്തോടെയാണ് റോഡ് നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിലെ അപാകത കാരണം കൂമന്‍തോട് ഭാഗത്ത് ജലചോര്‍ച്ചയുണ്ടായിരുന്നു.