പേരാമ്പ്ര: കുറ്റ്യാടി – കോഴിക്കോട് സംസ്ഥാന പാതയിൽ മുടങ്ങിപ്പോയ നവീകരണ പ്രവർത്തി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പേരാമ്പ്ര നിയജക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. പാലേരി മുതൽ പേരാമ്പ്ര കല്ലോട് വരെയും കൈതക്കൽ മുതൽ നടുവണ്ണൂർ വരെയും റോഡിന്റെ ഉപരിതല നവീകരണ പ്രവർത്തി 2024 ഏപ്രിൽ മാസത്തിൽ തുടക്കം കുറിച്ച് പിന്നീട് മഴ വന്നതിനെ തുടർന്ന് പ്രവർത്തി നിലച്ചു പോവുകയായിരുന്നു. പ്രവർത്തി നടത്തുന്നതിനായി ഈ ഭാഗങ്ങളിലെ ഹമ്പുകൾ നീക്കം ചെയ്യുകയും അവിടെ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തിരുന്നു. പ്രവർത്തി നടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മഴക്കാലത്ത് ഈ ഭാഗങ്ങളിൽ പലയിടത്തും റോഡ് പാടെ തകർന്നതിനെ തുടർന്ന് പല സംഘടനകളുടെയും പ്രക്ഷോഭത്തെ തുടർന്നായിരുന്നു അവിടെയെല്ലാം റിപ്പയർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. കടിയങ്ങാട് ഭാഗങ്ങളിൽ റോഡിൻ്റെ പകുതിഭാഗം ടാർ ചെയ്തെങ്കിലും ബാക്കിഭാഗം ഒരു വർഷത്തോളമായി ടാർ ചെയ്യാതെ കിടക്കുകയാണ്.
ഈ വർഷം മഴക്കാലം ആരംഭിക്കാൻ ഇനി ഒന്ന് രണ്ടു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതുവരെ മുടങ്ങിയ നവീകരണ പ്രവർത്തി പുനഃരാരംഭിക്കാൻ പൊതുമരാമത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു. ഏപ്രിൽ മാസത്തിനു മുമ്പ് പണി പൂർത്തിയാക്കാത്ത പക്ഷം യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലിം മിലാസ്, സത്താർ കീഴരിയൂർ, കെ കെ റഫീഖ്, ടി കെ നഹാസ്, ശംസുദ്ധീൻ വടക്കയിൽ, സി കെ ജറീഷ്, പി. വി മുഹമ്മദ് സംസാരിച്ചു.