സുപ്രധാന കേസുകൾ പരമാവധി തെളിവുകൾ ശേഖരിക്കാതെ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ലോക്കൽ പോലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി. ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സുപ്രധാന കേസുകളിൽ ആദ്യം മുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ലോക്കൽ പോലീസുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. ക്രൈംബ്രാഞ്ചിന് കൈമാറിയ പാതിവില തട്ടിപ്പ്, ചോദ്യപേപ്പർ ചോർച്ച കേസുകളുടെ പ്രാഥമിക അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്ചയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം.
ലോക്കല്‍ പോലീസിനെ കേസ് അന്വേഷണ സമയത്ത് ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അസിസ്റ്റ് ചെയ്യണം. കേസുകള്‍ ഗൗരവ സ്വഭാവത്തോടെ ലോക്കല്‍ പോലീസ് കാണുകയും തെളിവുകള്‍ ശേഖരിക്കുകയും വേണമെന്നും ക്രൈം ബ്രാഞ്ചിന് കൈമാറും മുമ്പ് ലോക്കൽ പോലീസ് 15 ദിവസമെങ്കിലും അന്വേഷണം നടത്തണമെന്നുമാണ് ഡിജിപിയുടെ പുതിയ നിര്‍ദേശം. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെങ്കിൽ അത് റിപ്പോർട്ടായി അറിയിക്കാനും ഡിജിപിയുടെ നിർദേശിച്ചിട്ടുണ്ട്.