മേപ്പയ്യൂർ: ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. മേൽശാന്തി മൊളേരി ഇല്ലത്ത് സന്ദീപ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ ബൈജു നാഗത്തിങ്കൽ, പി സുരേഷ് ബാബു, ടി നാരായണൻ, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ശ്രീനിലയം വിജയൻ, ബി വിനോദ് കുമാർ, സുരേഷ് മാതൃകൃപ എന്നിവർ നേതൃത്വം നൽകി.
എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക പൂജകളും ചുറ്റുവിളക്ക്, കോമരം കൂടിയ വിളക്ക് തുടങ്ങിയ ചടങ്ങുകളും നടക്കും.
മാർച്ച് അഞ്ചിന് വൈകുന്നേരം ആധ്യാത്മിക സദസ്സ്. 6, 7 തീയതികളിൽ പ്രാദേശിക കലാകാരന്മാർ പങ്കെടുക്കുന്ന ഗ്രാമോത്സവം, എട്ടിന് കൊച്ചിൻ ചൈത്രതാരയുടെ നാടകം സ്നേഹമുള്ള യക്ഷി എന്നീ പരിപാടികളും ഉണ്ടാകും.
മാർച്ച് ഒമ്പതിന് പ്രസാദഊട്ട്, കളമെഴുത്തും പാട്ടും, തായമ്പക തുടങ്ങിയ പരിപാടികളും പത്തിന് ഇളനീർവെപ്പ്, തിരുവായുധം എഴുന്നള്ളത്ത്, താലപ്പൊലി, കാഞ്ഞിലശ്ശേരി വിനോദ് മാരാറും റിജിലും ചേർന്ന് നയിക്കുന്ന ഇരട്ടത്തായമ്പക, കുളിച്ചാറാട്ട് എന്നിവയും നടക്കും. 11ന് കാലത്ത് നാഗത്തിനു കൊടുക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും.