ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ 2023 – 24 അധ്യയന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിതരണം ചെയ്തു. പോലീസ്, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം രൂപീകരിച്ച വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ക്യാമ്പസസ് ഓഫ് കോഴിക്കോട്. എട്ട് വിഭാഗങ്ങളിലായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോളേജുകള്‍ക്കുള്ള അവാര്‍ഡുകളാണ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിങ്കളാഴ്ച്ച വിതരണം ചെയ്തത്.
മാലിന്യ സംസ്‌കരണ വിഭാഗത്തില്‍ കോളേജ് ഓഫ് അപ്ളൈഡ് സയന്‍സ് ഐ എച്ച് ആര്‍ ഡി കോളേജ് കോഴിക്കോട്, വനിതശിശു ക്ഷേമം: മൊകേരി ഗവ. കോളേജ്, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമം: ഓമശ്ശേരി അല്‍ ഇര്‍ഷാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍: മുക്കം വി കെ എച്ച് എം ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വുമണ്‍, ഇ സാക്ഷരത: പ്രൊവിഡന്‍സ് കോളേജ്, നിയമ ബോധവത്കരണം: തിരുവമ്പാടി അല്‍ഫോണ്‍സ കോളേജ്, ദുരന്ത നിവാരണം: കൈതപ്പൊയില്‍ ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആന്റ് ഹെല്‍ത്ത്, മാനസികാരോഗ്യം: ഹോളിക്രോസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി എന്നീ കോളേജുകള്‍ പുരസ്‌കാരത്തിന് അര്‍ഹമായി.
ജില്ലയിലെ മികച്ച കോളേജിനുള്ള പുരസ്‌കാരം കല്ലായി എ ഡബ്ള്യൂ എച്ച് സ്പെഷ്യല്‍ കോളേജ് എറ്റുവാങ്ങി.
‘ബാരിയര്‍ ഫ്രീ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ‘സഹമിത്ര’ പരിശീലന ക്ലാസും സംഘടിപ്പിച്ചു. പൊതു കെട്ടിടങ്ങളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷിക്കാര്‍ക്ക് സുഗമമാക്കുന്നതിനോടൊപ്പം അവര്‍ക്കായി റാമ്പുകള്‍, എലിവേറ്ററുകള്‍, ആക്‌സസബിള്‍ ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്.
‘ബാരിയര്‍ഫ്രീ കോഴിക്കോട്-ക്രിയേറ്റിംഗ് ആന്‍ ഇന്‍ക്ലൂസീവ് ഡിസ്ട്രിക്ട്’ എന്ന വിഷയത്തില്‍ സി ആര്‍ സി ഡയറക്ടര്‍ റോഷന്‍ ബിജിലി ക്ലാസെടുത്തു. ബ്രേക്കിംഗ് ബാരിയേഴ്‌സ് – ഇന്ത്യന്‍ ആംഗ്യഭാഷക്കൊരു ആമുഖം എന്ന വിഷയത്തില്‍ സി ആര്‍ സി അധ്യാപകന്‍ രാജീവന്‍ കോളിയോട്ട്, ഐ എസ് എല്‍ ട്രെയിനര്‍ കെ ശ്യാംജിത്ത് തുടങ്ങിയവര്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം അഞ്ജു മോഹന്‍ ആശംസ പ്രസംഗം നടത്തി.