പോലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവിൽ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ക്യു ആർ കോഡ് പ്രദർശിപ്പിക്കും. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനായി നിർമ്മിച്ച പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കേസ് രജിസ്റ്റർ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടൽ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാൻ സാധിക്കും. ‘തുണ’ വെബ്സൈറ്റിലും പോൾ ആപ്പിലും ഈ സൗകര്യം ലഭ്യമാകും.
ജനപക്ഷത്തു നിന്നാവണം പോലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങൾക്ക് ഭയരഹിതമായി പോലീസ് സ്റ്റേഷനുകളിൽ കയറി വരാൻ സാധിക്കണമെന്നും യഥാർത്ഥ പ്രശ്നങ്ങളുമായി വരുന്നവർക്ക് പരിഹാരവുമായി തിരികെ പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻസ് കോർപ്പറേഷനാണ് നിർമാണം പൂർത്തിയാക്കിയത്.
പെരുവണ്ണാമൂഴിയിൽ നടന്ന പ്രാദേശിക ചടങ്ങിൽ ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു സ്വാഗതവും പേരാമ്പ്ര പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി വി ലതീഷ് നന്ദിയും പറഞ്ഞു.