അപ്രതീക്ഷിതമായി സുനാമി ദുരന്തമുണ്ടാകുമ്പോൾ കടലോര മേഖലയിൽ നടത്തുന്ന അടിയന്തര രക്ഷാപ്രവർത്തനം മോക്ക്ഡ്രില്ലിലൂടെ ജില്ലാ ദുരന്ത നിവാരണ സേന വരച്ചുകാട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വലിയാണ്ടി കടലോരത്താണ് സുനാമി മോക്ക് ഡ്രിൽ നടത്തിയത്. ദുരന്തമുഖത്തെ അഭിമുഖീകരിക്കാൻ തീരദേശവാസികളെ തയ്യാറാക്കുകയാണ് മോക്ഡ്രിൽ കൊണ്ട് ലക്ഷ്യമിട്ടത്. സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയാണ്ടി ഭാഗത്ത് ഗ്രാമപഞ്ചായത്ത്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കില എന്നിവയുടെ നേതൃത്യത്തിൽ സുനാമി മോക്ക്ഡ്രിൽ നടത്തിയത്.
ഇൻകോയ്‌സിൽ (ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ആൻഡ് ഇൻഫർമേഷൻ സർവീസസ്) നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ 11 മണിയ്ക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീർദേശനിവാസികൾക്ക് മൈക്ക് അനൗൺസ്‌മെന്റിലൂടെ ആദ്യം ജാഗ്രതാ നിർദേശം നൽകിയതോടെയാണ് മോക്ഡ്രിൽ തുടങ്ങിയത്. ഇതിനെ തുടർന്ന് പ്രദേശവാസികൾ അസംബ്ലി പോയിന്റിൽ എത്തിച്ചേരുകയും ഫയർ ഫോഴ്സ്, സിവിൽ ഡിഫെൻസ് സേനയുടെ സഹായത്തോടെ അമ്പതോളം പേരെ ഷെൽട്ടർ ക്യാമ്പിലേക്ക് (ശാദി മഹൽ ഓഡിറ്റോറിയം) മാറ്റുകയും ചെയ്തു. അഞ്ച് സ്കൂൾ ബസുകളിലായാണ് ആളുകളെ ക്യാമ്പുകളിലേക്ക് എത്തിച്ചത്. പോലീസ് വിഭാഗം പ്രദേശത്തേക്കുള്ള ഗതാഗതം കൃത്യമായി നിയന്ത്രിച്ചു. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ ഉറപ്പുവരുത്തി. ജനപ്രതിനിധികൾ, ആർ.ടി.ഒ, എം. വി. ഡി, കോസ്റ്റൽ പോലീസ്, കിലയുടെ പ്രതിനിധികൾ, ഡി .എം.പ്ലാൻ കോർഡിനേറ്റർ തുടങ്ങിയവരും മോക്ക്ഡ്രില്ലിന്റെ ഭാഗമായി. റവന്യൂ, പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ തുടങ്ങിയ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിച്ചു.