കക്കട്ടിൽ: സ്കൂളുകളിൽ പോലും ലഹരി മാഫിയകൾ ചതിക്കുഴികൾ തീർക്കുന്ന ഭയാനക സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി. മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ. പി. എസ്. ടി. എ നരിപ്പറ്റ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് സംഘങ്ങളുടെ വിഹാര ഭൂമിയായി ദൈവത്തിൻ്റെ സ്വന്തം നാട് മാറിക്കഴിഞ്ഞു. ഇതിനെതിരെ പ്രതിരോധം തീർക്കാതെ നിഷ്ക്രിയമായി നിൽക്കുന്ന സർക്കാർ ഇളംതലമുറയെ നശിപ്പിക്കുകയാണ്. ഇന്ത്യ രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന ദേശീയ ക്രൈം റെകോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടം നാടിന് ബാദ്ധ്യതയാണ്. ഇളം തലമുറയെ വർദ്ധിച്ചു വരുന്ന ലഹരി വിപത്തിൽ നിന്നും വീണ്ടെടുക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. മയക്കുമരുന്ന് വ്യാപനത്തിൽ കേരളം കൊളംബിയയെപ്പോലും പിന്നിലാക്കുന്ന സ്ഥിതിയാണുള്ളത്.
കൗമാരക്കാരിൽ കുറ്റവാസനയും അക്രമസ്വഭാവവും അനുദിനം വർധിച്ചിട്ടു പോലും അനങ്ങാപ്പാറ പോലെ മുഖ്യമന്ത്രിയും മന്ത്രിക്കുട്ടും നിൽക്കുകയാണ്. സർവ്വനാശത്തിലേക്ക് കേരളത്തെ തള്ളിവിടുന്ന സി.പി.എം ഭരണത്തിന് ചരിത്രം മാപ്പു നൽകില്ല. നരിപ്പറ്റ നോർത്ത് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.പി. വിശ്വനാഥൻ, ആർ. എൻ. എം എച്ച്. എസ്. എസ് പ്രധാനാധ്യാപകൻ കെ. സുധീഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. അനൂപ് കാരപ്പറ്റ അദ്ധ്യക്ഷനായി. സി. കെ. നാണു, മുത്തുക്കോയ തങ്ങൾ പി. അരവിന്ദൻ കെ. സജീവൻ എ.കെ ശ്രീജിത്ത്, എം. സുധീരൻ, എൻ. ഹമീദ്, കെ.കെ. അഞ്ജലി എ.വിഷ്ണു, ഇ. ഉഷ, വി.വിജേഷ്, കെ.പി.ശ്രീധരൻ ജി.കെ.വരുൺ കുമാർ, പി.പി. ദിനേശൻ, ടി. വി. രാഹുൽ പി. സാജിദ്, എം. ലിബിയ, സജിത സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.