ആശാവർക്കർമാരുടെ സമരത്തിന് ഐ എൻ ടി യു സി യൂണിയനുകളുടെ ഐക്യദാർഢ്യം

കോഴിക്കോട് : തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയനുകൾ കോഴിക്കോട് കിഡ്സൺ കോർണറിൽ ധർണ നടത്തി. മുതിർന്ന ഐ എൻ ടി യു സി നേതാവ് എം കെ ബീരാൻ ധർണ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ നടത്തുന്ന ന്യായമായ അവകാശ സമരം അടിച്ചമർത്താനുള്ള ഇടതുമുന്നണി സർക്കാരിന്റെ നടപടി അപലപനീയമാണെന്നും, പാട്ടപ്പിരിവുകാർ നടത്തുന്ന സമരം എന്ന് പറഞ്ഞു സമരത്തെ അധിക്ഷേപിച്ച സി ഐ ടി യു നിലപാട് തൊഴിലാളി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം പാട്ടപ്പിരിവ് നടത്തിയും അനാവശ്യ സമരങ്ങൾ നടത്തിയും വളർന്ന സി ഐ ടി യു നേതാക്കൾ മുതലാളിമാരായി മാറിയപ്പോൾ തൊഴിലാളി സമരത്തെ തള്ളിപ്പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ എൻ ടി യു സി ) ജില്ലാ കോ-ഓർഡിനേറ്റർ ശ്രീവത്സൻ പടാറ്റ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയൻസ് നേതാക്കളായ എം സതീഷ് കുമാർ, എം പി രാമകൃഷ്ണൻ, കെ സി അബ്ദുൽ റസാക്ക്, കെ വി ശിവാനന്ദൻ, പി പി കുഞ്ഞഹമ്മദ്, എ കെ മനോജ്‌, സജീഷ്കുമാർ തയ്യിൽ, കെ പി ശ്രീകുമാർ തുങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.