“ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും, കണ്ണൊന്ന് പോയി നോക്ക്. “കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, കേസെടുക്കില്ല പൊലീസ്” തുടങ്ങി അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. കഴിഞ്ഞ ദിവസം ട്യൂഷൻ സെൻ്ററിൽ നടന്ന ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് വെൻ്റിലേറ്ററിൽ കഴിയുകയായിരുന്ന ഷഹബാസ് ഇന്ന് പുലർച്ചെ 12.30നാണ് മരണത്തിന് കീഴടങ്ങിയത്.
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പ്രധാനമായും ചർച്ചയാവുന്നത് കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന കുറ്റവാസനകളാണ്. സമൂഹമാധ്യമത്തിൽ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കി പ്ലാൻ ചെയ്തതാണ് പ്രതികൾ ആക്രമണത്തിന് പദ്ധതിയിട്ടത്. ആയുധങ്ങളേന്തിയാണ് ആക്രമിക്കാൻ പോയതെന്നതും സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനത്തിൽ സംഭവിച്ചതല്ല, താമരശ്ശേരി ചുങ്കം സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം. മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച ശേഷമാണ് സംഘർഷം നടത്തിയത്. പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണ് സിനിമയെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നത് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശങ്ങളിൽ നിന്ന് ഇത് വ്യക്തമാകും.
കയ്യാങ്കളിയിൽ പൊലീസ് കേസെടുക്കില്ല എന്ന തെറ്റിദ്ധാരണ ഇവർക്ക് കുറ്റകൃത്യം മടി കൂടാതെ നിർവഹിക്കുവാൻ പ്രേരണ നൽകി. മുൻകാലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പേരിലാണ് വിദ്യാലയങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയതെങ്കിൽ, ഇപ്പോൾ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ റീലും കമന്റുമായി ബന്ധപ്പെട്ടാണ് മിക്ക അക്രമ സംഭവങ്ങളും അരങ്ങേറുന്നത്. ഇൻസ്റ്റഗ്രാമിൽ അനൗദ്യോഗികമായി സ്കൂളിൻ്റെ പേരിൽ അക്കൗണ്ട് ആരംഭിച്ച് റീലുകൾ ഇട്ട് വൈറലാവുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. റീലുകളിൽ തങ്ങൾക്ക് എതിരായ കമൻ്റ് ഇടുന്നവരും ഇവരുടെ നോട്ടപ്പുള്ളികളാവും. ഒപ്പം സമീപത്തെ വിദ്യാലയങ്ങളിലെ ഇൻസ്റ്റഗ്രാം കണ്ടന്‍റ് വൈറൽ ആകുന്നതും സംഘർഷങ്ങൾക്ക് വഴിവെക്കും. അടുത്തിടെ പുറത്തിറങ്ങിയ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളും ഇവരെ ആകർഷിക്കുന്നുണ്ട്.