പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച് ഒന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. പ്രാദേശിക ഉദ്ഘാടനം പിറ്റേ ദിവസം വൈകുന്നേരം നാലിന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻസ് കോർപ്പറേഷനാണ് നിർമാണം പൂർത്തിയാക്കിയത്.
മൂന്ന് നിലയിൽ കെട്ടിടമുള്ള കോഴിക്കോട് റൂറൽ പരിധിയിലെ ഏക പോലീസ് സ്റ്റേഷൻ ആണ് പെരുവണ്ണാമൂഴിയിലേത്. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പെരുവണ്ണാമൂഴിയിലെ പ്രധാന ആകർഷണമായി മാറും മനോഹരമായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ കെട്ടിടം.
കെട്ടിടത്തിന്റെ നിർമിതി വേറിട്ട അനുഭവമാണ് സ്റ്റേഷനിൽ എത്തുന്നവർക്ക് സമ്മാനിക്കുക. താഴത്തെ നിലയുടെ പിൻഭാഗം പ്രകൃതിയോട് ഇണങ്ങിയാണ് നിർമ്മിച്ചിരിക്കുന്നത്. ചുവര് നിർമ്മിക്കാതെ സ്ഥലത്ത് ഉണ്ടായിരുന്ന പാറ നിലനിർത്തിയാണ് നിർമ്മാണം. പാറയിൽ നിന്നുള്ള നീരുറവയും മനോഹരമായ കാഴ്ചയാണ്.
പെരുവണ്ണാമൂഴി ഡാം സൈറ്റിനു സമീപം ജലസേചനവിഭാഗത്തിന്റെ സ്ഥലത്തായിരുന്നു മുൻകാലത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് വാടകക്കെട്ടിടത്തിന്റെ മുകൾനിലയിലേക്കു മാറി. 31 പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ചക്കിട്ടപാറ, ചെമ്പനോട, പേരാമ്പ്ര, ചങ്ങരോത്ത് വില്ലേജുകളിലെ 152.08 ചതുരശ്ര കിലോമീറ്ററാണ് സ്റ്റേഷൻ പരിധി. ഫർണിഷിംഗ്, മുറ്റം നവീകരണം, ചുറ്റുമതിൽ, കമ്പിവേലി സ്ഥാപിക്കൽ, സിസിടിവി സ്ഥാപിക്കൽ എന്നീ ജോലികളാണ് ബാക്കിയുള്ളത്.