ഡിജിറ്റൽ സാമ്പത്തിക സുരക്ഷയ്ക്കുള്ള ‘മന്ത്രവിദ്യ’കൾ പകർന്ന് ഗോപിനാഥ് മുതുകാടിൻ്റെ മാജിക് ഷോ. ഡിജിറ്റൽ ലോകത്തെ സാമ്പത്തിക വിനിയോഗങ്ങളിൽ ജാഗ്രത പാലിക്കേണ്ടുന്ന, ശ്രദ്ധ പുലർത്തേണ്ടുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രൊവിഡൻസ് വിമൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ‘മന്ത്രജാല’ത്തിലൂടെ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യവും നിർദ്ദേശങ്ങളും സൂത്രങ്ങളും മജീഷ്യൻ കൈമാറിയത്.
മാജിക്കിനെ തുടർന്ന് അതിഥികളുമായി വിദ്യാർത്ഥികൾ സംവദിച്ചു. ചടങ്ങ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡി ജി എം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക് സർക്കിൾ ഓഫീസ് ജനറൽ മാനേജർ എസ് അനിൽ കുമാർ നായർ, പ്രൊവിഡൻസ് വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ആർ ജസീന ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
ലീഡ് ഡിസ്ട്രിക്ട് മാനേജർ ജ്യോതിസ് എസ് സ്വാഗതവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫിനാൻഷ്യൽ ഇൻക്ലൂഷ്യൻ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് മാനേജർ രഞ്ജിത്ത് ഇ കെ നന്ദിയും പറഞ്ഞു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന വിവിധ പരിപാടികളോട് അനുബന്ധിച്ചാണ് കോഴിക്കോട്ടും പരിപാടി സംഘടിപ്പിച്ചത്. സമകാലിക സംഭവ വികാസങ്ങളിൽ ഉണ്ടാവുന്ന സാമ്പത്തിക ദുരന്തങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളിലും യുവജനങ്ങളിലും വിപുലമായ ബോധവത്കരണ പരിപാടികളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നത്.