വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തനതായ പ്രവർത്തന ശൈലി കൊണ്ടും, നഗരസഭയുടെ കൃത്യമായ ഇടപെടലുകൾക്കൊണ്ടുമാണ് നഗരസഭക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് അവാർഡ് ഏറ്റുവാങ്ങും.
സ്ത്രീകളുടെയും കുട്ടികളുടെയും രംഗത്തുള്ള നിരന്തര പ്രവർത്തനവും – ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ നഗരസഭയുടെ പെണ്ണിടം വുമൺ ഫെസിലിറ്റേഷൻ സെന്റർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നു. കൂടാതെ വനിതാ ഹെൽപ് ഡസ്ക്, കൗൺസിലിംഗ് സേവനം, നിയമസഹായം, റെഫറൽ സേവനം, ഫുഡ് ഓൺ വാൾ തുടങ്ങിയ സേവനങ്ങളും പെണ്ണിടത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ നഗരസഭക്ക് സാധിക്കുന്നു . 44 വാർഡുകളിലും ജാഗ്രത സമിതി ചേരുകയും ഈ സമിതികളുടെ ഏകോപനമായി നഗരസഭാതലത്തിലും മാർഗ്ഗ നിർദേശങ്ങൾക്കനുസരിച്ചുള്ള ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. വരുന്ന പരാതികൾ സമയബന്ധിതമായി ചർച്ച ചെയ്ത് ആവശ്യമായ നിർദേശങ്ങളും പരിഹാരങ്ങളും ഉണ്ടാക്കുന്നു. മാസത്തിൽ കൃത്യമായി ജാഗ്രതാ സമിതി യോഗം ചേരുന്നു. നിരന്തര ബോധവത്കരണ ക്ലാസ്സുകളിലൂടെയും, സ്ത്രീശക്തികരണ പരിപാടികളിലൂടെയും ജാഗ്രതാ സമിതി പ്രാധാന്യം എത്തിക്കാൻ സാധിക്കുന്നു. ജാഗ്രത സമിതി പ്രവർത്തനങ്ങൾക്കായി നഗരസഭ എല്ലാ വർഷവും തുക വകയിരുത്തിവരുന്നു. വനിതാ ദിന പുതുവത്സര പരിപാടികൾ നടത്തുന്നതിനായി വുമൺ ഇനിഷ്യറ്റീവ് ഫോർ ഹാപ്പിനെസ്സ് (WISH) എന്ന പേരിൽ വനിതാ ഗ്രൂപ്പ് നഗരസഭയിൽ പ്രവർത്തിച്ച് വരുന്നു. സ്കൂൾ തലത്തിലും കുട്ടികൾക്കു വേണ്ടി പരിപാടികൾ സംഘടിപ്പിക്കാനും. എല്ലാ സ്കൂളിലും സ്കൂൾ ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്‌തു. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് സേവനവും നൽകി വരുന്നു. കൃത്യമായി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ചേരുകയും, കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന പരിപാടികളും, രക്ഷിതാകൾക്കുള്ള ബോധവത്കരണ ക്ലാസും നഗരസഭ നടത്തി വരുന്നു. കൂടാതെ വയോജന ക്ഷേമം ഉറപ്പുവരുത്തുവാനും വാർഡ് തലത്തിൽ വായോക്ലബ്ബുകളും, വയോജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും കേൾക്കുവാൻ എല്ലാ വാർഡിലും വയോജന ജാഗ്രതാ സമിതിയും ചേരുന്നു. നഗരസഭയുടെ പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളിലും icc രൂപീകരിക്കുകയും സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലാതെ ജോലിചെയ്യാനുള്ള ഇടം ഒരുക്കികൊടുക്കാൻ നഗരസഭക്ക് സാധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പരാതികൾ അറിയിക്കുന്നതിനായി എല്ലാ വാർഡുകളിലും കംപ്ലയിന്റ് ബോക്സ് സ്ഥാപിക്കുകയും ചെയ്‌തു. ലീഗൽ സെല്ലിന്റെ സഹകരണത്തോടെ നിയമ ബോധവത്കരണ ക്ലാസും നടത്തുന്നു . കൂടാതെ സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനായി വിവാഹിതരാവാൻ പോവുന്ന ദമ്പതികൾക്ക് പ്രീ മാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം എല്ലാ വർഷവും നഗരസഭ നടത്തി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി വ്യത്യസ്ത പരിപാടികൾ നടപ്പിൽ വരുത്തുവാനുള്ള പരിശ്രമത്തിലാണ് നഗരസഭ.