എസ്‌പിസി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് പി.എസ്.സി നിയമനത്തിന് വെയിറ്റേജ് നൽകാൻ മന്ത്രിസഭാ തീരുമാനം

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് (എസ് പി സി) പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം സർവീസുകളിൽ പിഎസ്‌സി നിയനമത്തിന് വെയിറ്റേജ് നൽകാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഹയർസെക്കൻഡറി ഹൈസ്കൂൾ തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കി എ പ്ലസ് ഗ്രേഡ് നേടുന്ന കേഡറ്റുകൾക്ക് 5 ശതമാനം വെയിറ്റേജ് നൽകും.

ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കുകയും ഹൈസ്കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവർക്കും ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവർക്കും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവർക്കും നാല് ശതമാനമായിരിക്കും വെയിറ്റേജ് ലഭിക്കുക.

ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക്  മൂന്ന് ശതമാനവും ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ ഗ്രേഡ് നേടുകയും ചെയ്യുന്നവർക്ക് 2 ശതമാനം വെയിറ്റേജും ലഭിക്കും.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ് പി സി പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published.