മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫയല്‍, ബണ്ടില്‍ നമ്പര്‍ 18 സീരിയല്‍ നമ്പര്‍ 29, കോഴിക്കോട്ട് നടന്ന ഒരു തൊഴിലാളി സമരത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്നു. കേരളചരിത്രത്തിലെ നിര്‍ണ്ണായകകാലഘട്ടമാണ് 1947 ഓഗസ്റ്റ് 15 മുതല്‍ 1956 നവംബര്‍ 1 വരെയുള്ള കാലം. ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും മലയാളികളുടേതായ ഐക്യകേരളസംസ്ഥാനം രൂപം കൊണ്ടിട്ടുമില്ല. മലബാര്‍ അപ്പോഴും മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ മലബാറില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും കര്‍ഷക പ്രസ്ഥാനങ്ങളും ശക്തമായിരുന്നു, സജീവമായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ മലബാറിന്റെ പല സ്ഥലങ്ങളിലും നിരവധി തൊഴിലാളി സമരങ്ങള്‍ ഉണ്ടായി. ഈ തൊഴിലാളി മുന്നേറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇനിയും കാര്യമായി ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായ സമരങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട്ടെ ടീ ഷോപ്പില്‍ നടന്ന സമരം.
1953 ഡിസംബര്‍ 7ാം തീയ്യതി മലബാറിലെ ഡി വൈ എസ് പി മദ്രാസിലെ (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിന് ഒരു കമ്പി അയച്ചു. കമ്പി സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു. ‘1953 ഡിസംബര്‍ 7 മുതല്‍ കോഴിക്കോട് സിറ്റി ടീ ഷോപ്പിലെ 8 തൊഴിലാളികളില്‍ ഒരാള്‍ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന്റെ പ്രതിഷേധമായിട്ടാണ് സത്യാഗ്രഹം നടത്തുന്നത്. അദ്ദേഹത്തിന് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്തരീക്ഷം ഇപ്പോള്‍ സമാധാനപൂര്‍ണ്ണമാണ്”.
ഈ സംഭവത്തെക്കുറിച്ച് മലബാറിലെ പോലീസ് സൂപ്രണ്ടന്റ് എ.രാമാനുജം മദ്രാസിലെ മൈലാപൂരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിന് 9.12.1953 ന് അയച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു. ‘1953 ഡിസംബര്‍ 7ാം തീയ്യതി മുതല്‍ കോഴിക്കോട് ടീ ഷോപ്പിലെ ഒരു തൊഴിലാളി ഷാപ്പിനു മുന്‍പില്‍ സത്യാഗ്രഹം ഇരിക്കുന്നു. 1953 നവംബര്‍ 24 ന് ടീഷാപ്പിന്റെ ഉടമ അദ്ദേഹത്തെ പിരിച്ചുവിടുന്നതിനെതിരായിട്ടാണ് സമരം. സ്ഥാപനത്തിന്റെ ഉടമയുടെ അമ്മാവനോട് മോശമായി പെരുമാറിയതാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം. അതേ ദിവസം ടീഷാപ്പിന്റെ മാനേജ്‌മെന്റും പിരിച്ചുവിട്ട തൊഴിലാളിയും തമ്മിലുണ്ടാക്കിയ അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്ന് സമരം ഒത്തു തീര്‍ന്നു. അന്ന് രാത്രി 10 മണിയോടെ സമരം അവസാനിച്ചു. പിരിച്ചുവിടപ്പെട്ട തൊഴിലാളിക്ക് കുടിശ്ശിക നല്‍കാനും ഒരു മാസത്തെ അഡ്വാന്‍സ് നല്‍കാനും മാനേജ്‌മെന്റ് സമ്മതിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സമരസമയത്ത് അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത്’.
സ്വതന്ത്രാനന്തര കാലഘട്ടത്തില്‍ അരങ്ങേറിയ നിരവധി തൊഴിലാളി സമരങ്ങളില്‍ ഒന്നായിരുന്നു ഈ കാലിക്കറ്റ് ടീ ഷോപ്പിലെ ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ സമരം. തൊഴിലാളികളുടെ വര്‍ഗ്ഗബോധം ശക്തിപ്പെടുന്നതിന്റേയും അവര്‍ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നതിന്റേയും സൂചനയായി ഈ സമരത്തെ കാണാവുന്നതാണ്. മിക്ക തൊഴിലാളിസംഘടനകള്‍ക്കും തൊഴിലാളികള്‍ക്കും സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായിട്ടോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായിട്ടോ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ടീ ഷോപ്പിലെ തൊഴിലാളിക്ക് പൂര്‍ണ്ണപിന്തുണ നല്‍കിയത് സോഷ്യലിസ്റ്റുകളാണ്. സോഷ്യലിസ്റ്റുകളുടെ പിന്തുണയാണ് ഈ തൊഴിലാളിയുടെ സമരത്തിനെ വിജയത്തിലേക്ക് നയിച്ചത്. കോര്‍പ്പറേറ്റ് യുഗത്തില്‍ തൊഴിലാളി സമരങ്ങള്‍ വളരെ വേഗം അന്യമായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളൊരു കാലഘട്ടത്തില്‍ ഒരു തൊഴിലാളി തനിക്ക് നേരിട്ട വിവേചനത്തിനെതിരെ നടത്തിയ പ്രതികരണം, നടത്തിയ സമരം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.