2025 മാര്‍ച്ച് മാസം നിങ്ങളുടെ ജന്മ നക്ഷത്ര ഫലം
അശ്വതി
ജീവിതമുന്നേറ്റത്തിന് സഹായകരമാകുന്ന പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ ഷോപ്പ് ബിസിനസ്സുകാര്‍ എന്നിവര്‍ക്ക് നല്ല സമയം. ആരോഗ്യപരമായി ദോഷമില്ലാത്ത അവസ്ഥ. അയല്‍ക്കാരുമായി സൗഹൃദത്തില്‍ പ്രവര്‍ത്തിക്കും. സ്വന്തം നാടും വീടും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കച്ചവടക്കാര്‍ക്ക് അനുകൂലമായ സമയം. പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ ഇടവരും. കടം വാങ്ങി കാര്യങ്ങള്‍ നിറവേറ്റേണ്ടതായി വന്നേക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഗണപതിയെ പ്രാര്‍ത്ഥിക്കുക. പഠന പുരോഗതിയ്ക്കും സര്‍വാഭീഷ്ടസിദ്ധിക്കും ബുധനാഴ്ച വ്രതമെടുക്കുക.
ഭരണി
ബന്ധുജനങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല. സമൂഹത്തിനായി പ്രവര്‍ത്തിക്കുമെങ്കിലും പ്രയോജനം ഉണ്ടാകില്ല. താമസസ്ഥലത്ത് ചില്ലറ പ്രയാസങ്ങള്‍ ഉണ്ടാകും. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂലമായ സമയം. ജോലിയില്‍ സ്ഥലംമാറ്റത്തിന് യോഗം കാണുന്നു. വിജയിക്കാന്‍ വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും പരാജയത്തില്‍ ആകും. ചില രഹസ്യബന്ധങ്ങള്‍ പരസ്യമാകാനിടയുണ്ട്. ബന്ധുക്കള്‍ ശത്രുക്കളായി മാറും. പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാന്‍ അവസരം ലഭിക്കും. ജോലിയില്‍ സസ്‌പെന്‍ഷന്‍ മുതലായവ വരാനിടയുണ്ട്. മനസ്സ് എപ്പോഴും ചിന്താവ്യാകുലമായിരിക്കും. ദേവീ ക്ഷേത്ര ദര്‍ശനം നടത്തുക. മഹാലക്ഷ്മിയെ പ്രാര്‍ത്ഥിക്കുക. മഹാലക്ഷ്മി, അന്നപൂര്‍ണ്ണ, ശുക്രന്‍ എന്നിവരെ പ്രീതിപ്പെടുത്താന്‍ വെള്ളിയാഴ്ച വ്രതമെടുക്കുക. മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുക.
കാര്‍ത്തിക
ബുദ്ധിപരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ അല്പം ഉദാസീനത കാണിക്കും. മറ്റുള്ളവരുടെ ആദരവിന് ഇടയാകും. പതിവിലധികം യാത്രകള്‍ ചെയ്യേണ്ടതായി വരും. കുടുംബ സ്വത്ത് വീതം വയ്ക്കും. യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. അവനവന്റെ തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. എല്ലാ രംഗങ്ങളിലും ധീരതയും പ്രവര്‍ത്തനക്ഷമതയും പ്രദര്‍ശിപ്പിക്കും. സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും നന്നായി ശോഭിക്കും. പുതിയ കരാറുകള്‍ ഏറ്റെടുക്കേണ്ടതായി വരും. ഉദ്യോഗത്തില്‍ നിന്ന് അല്പം മോശം അവസ്ഥയുണ്ടാകും. സ്ഥലമാറ്റത്തിന് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം. സൂര്യ ഭഗവാനെ പ്രാര്‍ത്ഥിക്കുക. സൂര്യന്റെ ദിവസമാണ് ഞായറാഴ്ച. ഈ ദിവസം വ്രതം ആചരിക്കുന്നത് സൂര്യനെ പ്രീതിപ്പെടുത്തും. ആദിത്യ കഥാശ്രവണം, ഒരിക്കലൂണ്, ആദിത്യ ഹൃദയ മന്ത്രം ജപിക്കല്‍ എന്നിവ പ്രയോജനപ്പെടും. ആരോഗ്യം, സമ്പത്ത്, സര്‍വാഭീഷ്ടസിദ്ധി എന്നിവ ലഭിക്കാന്‍ ആദിത്യനെ പ്രാര്‍ത്ഥിക്കുക.
രോഹിണി
പ്രവര്‍ത്തന മേഖലയില്‍ ആത്മവീര്യമുയരും. വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗം സജീവമാകും. വാക്കു തര്‍ക്കങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞു നില്‍ക്കണം. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ഇണങ്ങി നില്‍ക്കും. മനസ്വസ്ഥത കുറയും. എഴുത്തുകുത്തുകള്‍ മുഖേനെ പണമുണ്ടാക്കും. അഗ്‌നിഭയം, വിഷദംശനം എന്നിവയ്ക്ക് സാധ്യത. മാസത്തിന്റെ രണ്ടാം ഭാഗം ഗൃഹോപകരണങ്ങള്‍ വാങ്ങും. ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ ആസൂത്രം ചെയ്യും. ഗ്രന്ഥകാരന്മാര്‍, പ്രസാധകര്‍, എന്നിവര്‍ക്ക് അനുകൂലസമയം. ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിക്കുക. വ്യാഴാഴ്ച വ്രതമെടുക്കുക.
മകീര്യം
പാര്‍ട്ണര്‍മാര്‍ മുഖേന ബിസിനസില്‍ അഭിവൃദ്ധി. ജോലി സ്ഥലത്ത് ചില പരിഷ്‌കാരങ്ങള്‍ വരുത്തും. ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും. മുതിര്‍ന്ന വ്യക്തികളുടെ പണം എടുത്ത് കൈകാര്യം ചെയ്യാനുള്ള സന്ദര്‍ഭം ഉണ്ടാവും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും ലാഭം. എല്ലാ കാര്യങ്ങളിലും ധീരതയും തന്റേടവും പ്രദര്‍ശിപ്പിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്നും വരുമാനം ഉണ്ടാകും. ശാരീരിക സുഖം വളരെ കുറഞ്ഞിരിക്കും. വീട്ടില്‍ പൂജാദി മംഗള കാര്യങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക, വിഷ്ണു ക്ഷേത്രങ്ങള്‍ ദര്‍ശിക്കുക.
തിരുവാതിര
പല കേന്ദ്രങ്ങളില്‍ നിന്നും വരുമാനം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതി ഉണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. ഓഹരിയില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം .ദുര്‍ചെലവുകള്‍ വര്‍ദ്ധിക്കും. ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസരങ്ങള്‍ വന്നുചേരും. വാഹനം,ഭൂമി എന്നിവരുടെ ക്രയവിക്രയത്തില്‍ ലാഭം ഉണ്ടാകും. പൊതുരംഗത്ത് നിന്ന് വിട്ട് സ്വന്തം കാര്യങ്ങള്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രവണത ഉണ്ടാവും. എല്ലാ കാര്യത്തിലും കാലതാമസം നേരിടും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. അപ്രതീക്ഷമായി ബന്ധുസമാഗമം. ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കും. ശിവനെ പ്രാര്‍ത്ഥിക്കുക.
പുണര്‍തം
എല്ലാ രംഗങ്ങളിലും ധീരതയും കാര്യശേഷിയും പ്രദര്‍ശിപ്പിക്കും. ഉന്നതരായ വ്യക്തികളില്‍ നിന്ന് പലവിധ നേട്ടങ്ങള്‍ ഉണ്ടാവും. മറ്റുള്ളവരുടെ ആദരവിന് കാരണമാകും. പ്രവര്‍ത്തനത്തില്‍ പ്രായോഗിക ബുദ്ധി പ്രദര്‍ശിപ്പിക്കും. പുതിയ വാഹനം വന്നു ചേരും. മറ്റുള്ളവരെ ഉപദേശിക്കാനുള്ള പ്രവണത ഉണ്ടാകും. ബാങ്കിങ്ങുമായി ബന്ധപ്പെട്ട് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഉണ്ടാകും. ഭൂമിയുടെ ക്രയവിക്രയത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുകയും, ഗുരുവായൂരപ്പന് വിളക്ക്, മാല, പാല്‍പ്പായസം എന്നിവ നടത്തുകയും വേണം. എപ്പോഴും ഭഗവാനെ മനസ്സില്‍ കാണുക. ഭഗവാനെ കണികണ്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുക.
പൂയ്യം
ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തും. നേത്രരോഗം തലവേദന എന്നിവയുണ്ടാകും. വിലപിടിപ്പുള്ള വസ്തുക്കള്‍ ചിലത് ആവശ്യത്തിനു കിട്ടിയെന്ന് വരില്ല. ഗൃഹനിര്‍മ്മാണം പുരോഗമിക്കും. പൂജാ കാര്യങ്ങളുമായി ബന്ധപ്പെടും. നിയമനടപടികള്‍ നേരിടാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. മുന്‍കാല പ്രവര്‍ത്തികളുടെ ഗുണദോഷങ്ങള്‍ അനുഭവിക്കും. ദാമ്പത്യജീവിതം സുഖപ്രദമാകും. രോഗാദി അവസ്ഥകള്‍ക്ക് കുറവുണ്ടാകും. ശത്രു ശല്യം ഉണ്ടാകും. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരാർത്ഥികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. വലിയ ഉത്തരവാദിത്വങ്ങള്‍ തലയില്‍ വരും. ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രി വാസത്തിന് യോഗമുള്ളതിനാല്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധവേണം. പൊതുവേ മനസ്സ് ചിന്താകുലമായിരിക്കും. അയ്യപ്പന് നീരാഞ്ജനം വെച്ച് പ്രാര്‍ത്ഥിക്കുക. ശാസ്താവിനെയും ശനിയെയും പ്രീതിപ്പെടുത്താന്‍ ശനിയാഴ്ച വ്രതം എടുക്കുക.
ആയില്യം
തറവാട് സ്വത്ത് വീതം വയ്ക്കും. എല്ലാ രംഗത്തും ശുഷ്‌കാന്തിയുടെ പെരുമാറും. നഷ്ടപ്പെട്ടെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. തര്‍ക്കങ്ങള്‍ മധ്യസ്ഥം മുഖേന പരിഹരിക്കപ്പെടും. ഭാര്യാവിയോഗത്തിന് സാധ്യത. അയല്‍ക്കാരവുമായി സൗഹൃദം വര്‍ദ്ധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും അംഗീകാരം ലഭിക്കും. ജോലിസ്ഥലത്ത് ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടാവുമെങ്കിലും ജോലിയില്‍ പ്രമോഷന് സാധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ആയില്യം നാളില്‍ നാഗ ക്ഷേത്ര ദര്‍ശനം, നവഗ്രഹ പൂജ. സര്‍പ്പ ശാപ ദോഷ പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുക.
മകം
ശരീരസുഖം കുറയും. ഉദ്യോഗത്തില്‍ പ്രമോഷനോ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനയോ ഉണ്ടാവും. വ്യാപാരത്തില്‍ കൂടുതല്‍ ധന ലാഭം ഉണ്ടാവും. കുടുംബ കലഹം മനസ്സിനെ അസ്വസ്ഥമാക്കും. ശത്രുശല്യം കാരണം ജോലി സ്ഥലത്തും സ്വസ്ഥത കുറയും. അനാവശ്യമായി ക്ഷോഭം വരാതെ നിയന്ത്രിക്കണം. അപവാദം കേള്‍ക്കാനിടയുണ്ട്. തറവാട് സ്വത്തുക്കളുടെ വിഭജന കാര്യം തീരുമാനമാകും. പോലീസ് കേസ് സംബന്ധമായി കോടതിയെ സമീപിക്കേണ്ട ആവശ്യം വരും. അമ്മയ്ക്ക് രോഗം വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റങ്ങള്‍ വരാനിടയുണ്ട്. വായ്പ അടക്കാത്തതിനാല്‍ ജപ്തി നടപടി വരാനിടയുണ്ട്. എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കും.അയ്യപ്പനെ പ്രാര്‍ത്ഥിക്കുക.
പൂരം
ബിസിനസ്സില്‍ വേണ്ടത്ര അഭിവൃദ്ധി കണ്ടെന്നുവരില്ല. സന്താന ഭാഗ്യം ഇല്ലാത്തതിനാല്‍ മനസ്സ് വ്യാകുലപ്പെടും. ഉദ്യോഗത്തില്‍ പലവിധ നേട്ടങ്ങളും ഉണ്ടാകും. സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടാന്‍ സാധ്യത. തൊഴിലാളികളില്‍ നിന്ന് ആത്മാര്‍ത്ഥ സഹകരണം പ്രതീക്ഷിക്കും. ഉന്നതരായ വ്യക്തികളുടെ വിരോധത്തിന് കാരണമാകും. സുഹൃത്തുക്കള്‍ നിമിത്തം ദുര്‍വ്യയം. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമായിവരും. ഭൂമി വില്‍പ്പന നടത്തും. ആരോഗ്യനില മോശമാകും. അറിയാത്ത ബിസിനസ്സില്‍ പണം ചെലവാക്കി ധാരാളം ചിലവുകള്‍ വരാനിടയുണ്ട്. നികുതി സംബന്ധമായ ചില നോട്ടീസുകള്‍ കൈവശം വരാനിടയുണ്ട്. ശിവ ഭജനയും അയ്യപ്പ ഭജനയും അനിവാര്യം. കുടുംബ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും ശ്രീ വനദുര്‍ഗ്ഗയ്ക്ക് നെയ് വിളക്ക്, തട്ടം, താലി സമര്‍പ്പണം, ഉടയാട, വിളക്ക് എന്നിവ നല്‍കുക.
ഉത്രം
ബുദ്ധിപരമായി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര പോയി ജോലി ചെയ്യാന്‍ അവസരം ഉണ്ടാവും. സഹോദരിയുടെ വിവാഹത്തിനുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. ഗൃഹത്തില്‍ മോഷണ ശല്യം ഉണ്ടായിരിക്കും. യാത്രയില്‍ രേഖകളോ ധനമോ നഷ്ടപ്പെട്ടേക്കും. കയ്യിലുള്ള പണം കടം കൊടുക്കേണ്ടി വന്നേക്കും. അപ്രതീക്ഷിതമായി ചെലവുകള്‍ വന്നുചേരും. ഗൃഹത്തിന്റെ ആധാരം പണയം വെച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. മാസാവസാനം ഗുണമായി വരുന്നതാണ്. സഹപ്രവര്‍ത്തകരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. സൂര്യ ഭഗവാനെ പ്രാര്‍ത്ഥിക്കുക. വിഷ്ണു ക്ഷേത്ര ദര്‍ശനം പതിവാക്കുക.
അത്തം
ജോലി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിച്ചേക്കില്ല. ഉന്നതാധികാരികളുടെ നീരസത്തിന് കാരണമാകും. ചെയ്യുന്ന ജോലിയില്‍ സ്വസ്ഥത കുറയും. കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി ഭൂമി വില്‍പ്പന നടന്നേക്കും. ശത്രുക്കളില്‍ നിന്ന് ശല്യങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ മേഖല വിപുലീകരിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വരുമാന വര്‍ദ്ധനവ് ലഭിക്കും. കലാകാരന്മാര്‍ക്ക് പേരും പെരുമയും ലഭിക്കും. സഹോദരന്മാര്‍ അനുകൂലം കുറയും. മൂകാംബിക ദേവിയെ പ്രാര്‍ത്ഥിക്കുക. ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താനും ചൊവ്വാ ദോഷ പരിഹാരത്തിനും ചൊവ്വാഴ്ച വ്രതമെടുക്കുക. ദുര്‍ഗ്ഗാ പൂജ നടത്തുക,
ചിത്ര
പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നതില്‍ ഫലം കാണും. സഹായികളെ കൊണ്ട് ഗുണമുണ്ടാകുന്നതാണ്. ചെയ്യുന്ന ജോലിയില്‍ വേണ്ടത്ര ഗുണമുണ്ടാവില്ല. വ്യവസായശാലകള്‍ നടത്തുന്നവര്‍ക്ക് തൊഴിലാളികളെ കൊണ്ട് ദോഷമുണ്ടായേക്കും. ഗൃഹത്തില്‍ സമാധാനം കുറയും. ഗവണ്‍മെന്റില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ താമസം നേരിട്ടേക്കും. വക്കീലന്മാര്‍ക്കും നല്ല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാദികളില്‍ ഗുണം. വീട് വെക്കാന്‍ വേണ്ടി പ്ലാന്‍ ശരിയാക്കുന്നതാണ്. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയത്തിന് സരസ്വതി പൂജ, വിദ്യാവാഗ്നിശ്വരി പൂജ എന്നിവ നടത്തുക. പുഷ്പാഞ്ജലി, താമര, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുക.
ചോതി
ജീവിതത്തില്‍ അടുക്കും ചിട്ടയും നഷ്ടപ്പെടും. വീട്ടമ്മമാര്‍ക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടും. ഇഷ്ടജന സമാഗമത്തിന് സാധ്യത. സര്‍ക്കാരില്‍ നിന്ന് അനുകൂല ഗുണമുണ്ടാകും. സ്‌നേഹിതനുമായി ചെറു യാത്രകള്‍ ചെയ്യും. ബന്ധുക്കളുമായി രമ്യതയില്‍ വര്‍ദ്ധിക്കും. ഉദ്യോഗത്തില്‍ സ്ഥാനമാറ്റമോ സ്ഥാനം കയറ്റമോ പ്രതീക്ഷിക്കാം. വീട് പുതുക്കി പണിയാന്‍ അവസരം ഉണ്ടാകും. അപ്രതീക്ഷിതമായി ധനാഗമ മാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടും. വാക്കുകളില്‍ നിയന്ത്രണം വരുത്തണം. കലാകാരന്മാര്‍ക്ക് പ്രസക്തി ഉണ്ടാകും. പൂജാദി കാര്യങ്ങള്‍ നടത്തും. ഗുരുവായൂരപ്പനെ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുക.
വിശാഖം
ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍, വക്കീലന്മാര്‍ എന്നിവര്‍ക്ക് അനുകൂലസമയം. ശമ്പള വര്‍ധനയ്ക്കായി സമരം ചെയ്യേണ്ടിവരും. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമല്ല. സര്‍വകാര്യങ്ങളിലും വിജയം കൈവരിക്കും. ഗൃഹത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്. കര്‍മ്മരംഗത്ത് പൊതുവേ മെച്ചമില്ല. എല്ലാ കാര്യങ്ങളിലും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരുവിധം തടസ്സങ്ങള്‍ ഒഴിവാക്കാം. സമൂഹത്തില്‍ ഉന്നത വ്യക്തികളുമായി ഇടപെടും. വിഷ്ണുവിനെയും അയ്യപ്പനെയും പ്രാര്‍ത്ഥിക്കുക. വൈഷ്ണവാവതാരമായ ശ്രീകൃഷ്ണനെയും ശ്രീരാമനെയും പ്രീതിപ്പെടുത്താന്‍ വ്യാഴാഴ്ച വ്രതം എടുക്കുക.
അനിഴം
മിലിട്ടറിയില്‍ ജോലിക്ക് ലഭിക്കും. അധ്വാനത്തിനു അനുസരിച്ചുള്ള പ്രതിഫലം ലഭിക്കില്ല. എല്ലാ രംഗത്തും സ്വാതന്ത്ര്യവും അന്തസ്സും നിലനിര്‍ത്തും. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഏകാധിപത്യ പ്രവണത കാണിക്കുന്നത് ആപത്താണ്. വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നും വരുമാനം ഉണ്ടാകും. ജീവിത നിലവാരം ഉയരും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. ആഡംബര വസ്തുക്കള്‍ വസ്ത്രങ്ങള്‍ എന്നിവ കൈവശം വന്നുചേരും. ശത്രുക്കളുടെ മേല്‍ വിജയം കൈവരും. വളഞ്ഞ വഴികളിലൂടെ കോടതി കാര്യങ്ങള്‍ അനുകൂലമാക്കി എന്ന് വരും. അയ്യപ്പ ക്ഷേത്ര ദര്‍ശനം വേണം. ശാസ്താവിനെയും ശനി ദേവനെയും പ്രീതിപ്പെടുത്തുക.
തൃക്കേട്ട
ക്ഷേത്രത്തിന്റെ പ്രധാന സ്ഥാനത്ത് എത്തും. സ്ഥാനമാനങ്ങള്‍ തേടിയെത്തും. മുന്‍പ് ചെയ്തു വെച്ച കാര്യങ്ങള്‍ക്ക് ഗുണം കിട്ടുന്ന സമയമാണ്. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധകൂടും. കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവരും. താമസസ്ഥലത്ത് ചില പ്രയാസങ്ങള്‍ നേരിട്ടേക്കും. ജോലിക്ക് വേണ്ടി വളരെ പരിശ്രമിക്കുമെങ്കിലും യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടില്ല. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. കടം വീട്ടാനുളള സാധ്യതകള്‍ തെളിഞ്ഞു വരും. കര്‍മ്മ കുശലത കാണിക്കും. കൃഷിയില്‍ നിന്ന് ലാഭമുണ്ടാകും.അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ദേഹാരിഷ്ടങ്ങള്‍ ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കും. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുക. സുബ്രഹ്മണ്യ ഭഗവാനെ ഉപാസിക്കുക. ദേവി ക്ഷേത്ര ദര്‍ശനവും.
മൂലം
ബിസിനസില്‍ ആദായം ലഭിക്കും. സന്താനം മുഖേന ധനനഷ്ടം സംഭവിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ തരപ്പെടും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ധനത്തില്‍ കാലതാമസം വന്നേക്കും. സ്ത്രീകള്‍ നിമിത്തം മാനഹാനി വന്നേക്കാം. ചെറു യാത്രകള്‍ നടത്തിയേക്കാം. ചില പ്രണയങ്ങള്‍ രൂപപ്പെട്ടു വന്നേക്കാം. എല്ലാകാര്യങ്ങളിലും പുരോഗതി ദൃശ്യമാകും. ചെയ്യുന്ന തൊഴിലില്‍ സംതൃപ്തി ഉണ്ടാകും. സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ നല്ല പരിശ്രമം വേണ്ടിവരും. യുവജനങ്ങളുടെ വിവാഹ കാര്യങ്ങള്‍ തീരുമാനിക്കും. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടിയേക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക, ഗുരുവായൂര്‍ ദര്‍ശനം നടത്തുക.
പൂരാടം
പിണങ്ങിയിരുന്ന ബന്ധുക്കള്‍ സൗഹൃദം പ്രദര്‍ശിപ്പിക്കും. കേസുകളില്‍ അനുകൂലമായ വിധിയുണ്ടാകും. അധിക ചെലവുകള്‍ വര്‍ദ്ധിക്കും. അനുകൂലമായി തീരുമാനങ്ങള്‍ കൊണ്ട് മനസ്സിന് ഉന്മേഷം ഉണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. പുതിയ ബിസിനസുകള്‍ തുടങ്ങും. ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. യാത്രകള്‍ കൊണ്ട് കാര്യലാഭം ഉണ്ടാകും. വിവാഹപ്രായമായ പെണ്‍കുട്ടികള്‍ സുമംഗലികളാകും. ഗൃഹോപകരണങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കേണ്ടി വരും. തൊഴിലുടമകള്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കും. ഗണപതിയെ പ്രാര്‍ത്ഥിക്കുക, ഗണപതി ഹോമം നടത്തുക.
ഉത്രാടം
ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയം. പ്രവാസി ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ബാങ്ക് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് യോഗമുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കുടുംബത്തിലും മംഗള കര്‍മ്മങ്ങള്‍ നടക്കും. മേലധികാരികളില്‍ നിന്ന് സഹകരണം ഉണ്ടാവും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും. ലേഖകന്മാര്‍ക്ക് ഈ അവസരം അനുകൂലം. ധാരാളം ചെറിയ യാത്രകള്‍ നടത്തേണ്ടിവരും. ജോലിസ്ഥലത്ത് ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. അയ്യപ്പ ,ശിവ ഭജനം നടത്തുക.
തിരുവോണം
താല്‍ക്കാലിക ജോലി സ്ഥിരപ്പെടും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില കരാറുകള്‍ ഏറ്റെടുക്കേണ്ടതായി വരും. പ്രമേഹ രോഗാദികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ ഇടപെട്ടെന്ന് വരും. ഭൂമിയുടെ പേരില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ഉദ്യോഗസ്ഥന്മാര്‍ക്ക് താന്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കായി അച്ചടക്ക നടപടി ഉണ്ടായേക്കും. ഭൂമിയുടെ ക്രയവിക്രയത്തില്‍ നഷ്ടം അനുഭവപ്പെടും. പ്രായമായി നില്‍ക്കുന്നവരുടെ വിവാഹം നടക്കാനിടയുണ്ട്. പല രംഗങ്ങളിലും വഞ്ചിതരാകാതിരിക്കാന്‍ സാധ്യത. പ്രത്യേകം ശ്രദ്ധിക്കണം. പതിവിന് വിപരീതമായി നൂറുകൂട്ടം കാര്യങ്ങളില്‍ ഇടപെടും. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഉദയാസ്തമന പൂജ, ത്രികാല പൂജ, കളഭാഭിഷേകം, വെണ്ണ നിവേദ്യം തുടങ്ങിയ വഴിപാടുകള്‍ നടത്തുക. പാവങ്ങള്‍ക്ക് അന്നദാനാദികള്‍ ചെയ്യുക.
അവിട്ടം
പലതരം ജോലികളിലും പ്രവര്‍ത്തിക്കുമെങ്കിലും ഒന്നിലും സംതൃപ്തി ഉണ്ടാവില്ല. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. തൊഴിലിലും വ്യവസായത്തിനും തടസ്സങ്ങള്‍ സംഭവിക്കും. യാത്രകളില്‍ അപ്രതീക്ഷിതമായ വിഷമങ്ങള്‍ നേരിടും. വാഹനങ്ങള്‍ നിന്ന് നേട്ടം ഉണ്ടാവും
സഹപ്രവര്‍ത്തകരില്‍ അസൂയ വളരും. സാമ്പത്തിക ലാഭമില്ല. മനസ്സമാധാനം കുറയും, സമീപ വാസികളില്‍ നിന്ന് ശല്യം. അയ്യപ്പന് പൂജാദികാര്യങ്ങള്‍ ചെയ്യുക.
ചതയം
വാക്കുകള്‍ ശ്രദ്ധിച്ചു ഉപയോഗിച്ചില്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. ഔദ്യോഗിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവും. ബന്ധുക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പ്രവര്‍ത്തികളില്‍ പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ വന്ന് ചേരും. വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടും. മക്കളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് കഴിവ് തെളിയിക്കും. വീട്ടില്‍ മംഗള കാര്യങ്ങള്‍ നടക്കും. വേട്ടക്കരുമകനെ പ്രാര്‍ത്ഥിക്കുക.
പൂരുട്ടാതി
പണയ ആഭരണങ്ങളോ വസ്തുവകകളോ തിരിച്ചെടുക്കും. യാത്രയില്‍ നിന്ന് ആദായമുണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാകും. പൂര്‍വിക സ്വത്ത് അധീനതയിലാകും. കടബാധ്യതകള്‍ മധ്യസ്ഥര്‍ മുഖാന്തരം പറഞ്ഞുതീര്‍ക്കും. അനാവശ്യ ചിന്തകള്‍ കൊണ്ട് മനസ്സ് വ്യാകുലപ്പെടും. കിട്ടേണ്ട പണം കയ്യില്‍ വന്നുചേരും. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വളരെ അനുകൂല സമയം. പരസ്യങ്ങള്‍ മുഖേനെ ആദായം ഉണ്ടാകും. മേലുദ്യോഗസ്ഥരില്‍ നിന്ന് നല്ല പെരുമാറ്റം പൊതുവേ മനസ്സമാധാനം. അയ്യപ്പ സ്വാമിയെയും മഹാവിഷ്ണുവിനെയും പ്രാര്‍ത്ഥിക്കുക.
ഉത്രട്ടാതി
അത്യദ്ധ്വാനം കൊണ്ട് പ്രവര്‍ത്തന വിജയവും സാമ്പത്തിക നേട്ടവും. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും ഉണ്ടാവും. ശത്രു ശല്യങ്ങള്‍ ഉണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് ഒന്നും സംഭവിക്കില്ല. ആരോഗ്യം മെച്ചപ്പെടും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമായിവരും. ഇടപാടുകലില്‍ നിന്ന് കമ്മീഷന്‍ ലഭിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടും. പുതിയ ഉദ്യോഗത്തിനായി നിയമന ഉത്തരവ് ലഭിക്കും. കുടുംബസമേതം തീര്‍ത്ഥയാത്ര. തൊഴിലുമായി ബന്ധപ്പെട്ട ദൂരയാത്ര ആവശ്യമായിവരും. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായെന്നു വരും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.
രേവതി
പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭാഗ്യദേവത നന്നായി കടാക്ഷിക്കും. വീട് പുതിയത് വാങ്ങും. ദൂരത്തുള്ള സഹോദരനില്‍ നിന്ന് സഹായം ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. കര്‍മ്മരംഗം തൃപ്തികരമാണ്. അഗ്‌നിബാധ്യതയ്ക്ക് സാധ്യത. അപകടത്തില്‍ നിന്ന് രക്ഷ നേടും. കുട്ടികള്‍ക്ക് പലവിധത്തിലുള്ള അസുഖങ്ങള്‍ പിടിപെടും. അനാവശ്യ ചിന്തകളെ തുടര്‍ന്ന് മനസ്സ് വ്യാകുലപ്പെടും. തെറ്റായ കൂട്ടു കെട്ടുകള്‍ ഉപേക്ഷിക്കുക. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിനായി ഉമാമഹേശ്വരിയെ പ്രാര്‍ത്ഥിക്കുക. മംഗല്യ സൗഭാഗ്യത്തിനും ദീര്‍ഘ മംഗളത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടി ഉമാമഹേശ്വര പൂജ നടത്തുക ,ഉമാമഹേശ്വരി പ്രതിഷ്ഠയുള്ള ക്ഷേത്ര ദര്‍ശനം നല്ലതാണ്. തിങ്കളാഴ്ച വ്രതം എടുക്കുക. ശിവപുരാണം പാരായണം ചെയ്യുക. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനവും ആവാം.