കൊയിലാണ്ടി: എല്ലാ മാസവും ഹരിത കര്‍മ്മസേന വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചില്ലെങ്കിലുളള അവസ്ഥ ചിന്തിക്കാന്‍ പോലും ആവില്ല. അത്രമാത്രം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വീടുകളിലും പൊതു ഇടങ്ങളിലും കുമിഞ്ഞു കൂടുന്നത്. ഭക്ഷ്യ വസ്തുക്കള്‍, കച്ചവടക്കാരും പച്ചക്കറി കടക്കാരും സാധാനങ്ങള്‍ നല്‍കുന്ന ക്യാരിബാഗുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പാത്രങ്ങള്‍ എന്നിവയെല്ലാം വീടുകളിലും പൊതു ഇടങ്ങളിലും ക്രമാതീതമായി എത്തുകയാണ്. പ്രഭാത ഭക്ഷണത്തിനുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ രാത്രി ഭക്ഷണം വരെ പ്ലാസ്റ്റിക് കവറുകളിലാണ് എത്തുന്നത്. പുനരുപയോഗ സാധ്യതയില്ലാത്ത ഇത്തരം കവറുകള്‍ കുമിഞ്ഞു കൂടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നു.
കൊയിലാണ്ടി നഗരസഭയില്‍ നിലിവില്‍ 80 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ഉളളത്. അടുത്ത മാസത്തോടെ പത്ത് പേരെ കൂടി എടുക്കും.ഈ ഹരിത കര്‍മ്മ സേന വീടുകൾ, വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അജൈവ പാഴ് വസ്തുക്കളും മാര്‍ക്കറ്റ് എം.സി.എഫുകളില്‍ എത്തിച്ച് വേര്‍തിരിക്കും. തുടര്‍ന്ന് കുറുവങ്ങാട് വരകുന്ന് ആര്‍.എഫിലേക്ക് മാറ്റി ബെയിലിംഗ് നടത്തിയ ശേഷം വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. മാസത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ നിന്ന് മാത്രം 28,000 കിലോ അജൈവ പാഴ് വസ്തുക്കള്‍ വീടുകളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്നുണ്ട്. ഓരോ മാസവും എട്ട് മുതല്‍ 10 ലക്ഷം രൂപ വരെ ഈ ഇനത്തില്‍ വരുമാനം ലഭിക്കുന്നത് കൊണ്ടാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ സാധിക്കുന്നത്. ശരാശരി 10,000 രൂപ ഹരിതകര്‍മ്മ സേനാ വൊളണ്ടിയറിന് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ പറയുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടും പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരോധന ഉത്തരവ് പ്രകാരം വ്യക്തികളോ, കമ്പനികളോ, സ്ഥാപനങ്ങളോ, വ്യവസായ സംരംഭകരോ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് സാധനങ്ങള്‍ നിര്‍മ്മിക്കുകയോ, സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ കൊണ്ടുപോവുകയോ ചെയ്യാന്‍ പാടില്ല. പ്ലാസ്റ്റിക് ക്യാരിബാഗ് (കനം നോക്കാതെ), ടേബിളില്‍ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, ഒറ്റത്തവണ മാത്രം ഉപേയാഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂണ്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പ്, ക്യാരിബാഗ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവയ്‌ക്കെല്ലാം പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍മാര്‍, സബ് ഡിവിഷിണല്‍ മജിസ്ട്രേട്ടുമാര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ 19 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ആദ്യഘട്ടത്തില്‍ പതിനായിരം രൂപയും രണ്ടാംഘട്ടത്തില്‍ 25,000 രൂപയും തുടര്‍ന്നുള്ള നിയമലംഘനത്തിന് അമ്പതിനായിരം രൂപയും പിഴ ചുമത്തുകയും മൂന്ന് തവണ നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന്റെ നിര്‍മ്മാണ,പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും. സബ്ഡിവിഷണല്‍ മജിസ്ട്രേട്ട്, തദ്ദേശ സ്വയംഭരണ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇതിനധികാരം ഉണ്ടായിരിക്കും.
ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയോ,നിര്‍മ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി അഞ്ച് സ്‌ക്വാഡുകള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇൻ്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഗ്രാമപഞ്ചായത്തുകള്‍ ആഴ്ചയില്‍ രണ്ടു ദിവസവും നഗരസഭയും കോര്‍പ്പറേഷനും എല്ലാ ദിവസങ്ങളിലും പരിശോധന നടത്തണം.