കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ തീരദേശ സര്‍ഗയാത്ര ബേപ്പൂര്‍ ബീച്ചില്‍ സമാപിച്ചു. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ തീരപ്രദേശങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് തീരദേശ സര്‍ഗ യാത്ര ബേപ്പൂരില്‍ സമാപിച്ചത്. ഇവിടങ്ങളിലെ പ്രാദേശിക കലാരൂപങ്ങളെ ഡിജിറ്റല്‍ രൂപത്തില്‍ ആര്‍കൈവ് ചെയ്ത് വരുംതലമുറയ്ക്കു വേണ്ടി സംരക്ഷിക്കുന്ന പദ്ധതിയും യാത്രയുടെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
തീരദേശ മേഖലയിലെ കലാകാരന്‍മാരെയും സാംസ്‌ക്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. പ്രമുഖ കളരി പരിശീലകനും മര്‍മ ചികിത്സാ വിദഗ്ധനുമായ തിക്കോടി ജമാല്‍ ഗുരുക്കള്‍, പ്രമുഖ ഖലാസി ബേപ്പൂര്‍ നിവാസിയായ ഉമ്മര്‍ മൂപ്പന്‍, മജീഷ്യന്‍ പ്രദീപ് ഹുഡിനോ, ഉരു നിര്‍മാണ വിദഗ്ധന്‍ ഗോകുല്‍ ദാസ്, വൈക്കം മുഹമ്മദ് ബഷീറിന്റ മകന്‍ അനീസ് ബഷീര്‍, മാപ്പിള കലാപ്രവര്‍ത്തകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ നാസര്‍ കാപ്പാട്, മാപ്പിളകലാകാരനും ഗ്രന്ഥ രചയിതാവുമായ യാസിര്‍ കുരിക്കള്‍ എന്നിവര്‍ക്ക് മന്ത്രി പ്രശസ്തി പത്രം കൈമാറി. കൂടാതെ കലാവതരണങ്ങളില്‍ പങ്കെടുത്ത പ്രതിഭകള്‍ക്കുള്ള സര്‍ക്കാരിന്റെ പാരിതോഷികവും സാക്ഷ്യപത്രവും പരിപാടിയില്‍ വച്ച് നല്‍കി. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
ബേപ്പൂര്‍ ബീച്ചില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സില രജനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് പി, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍, നിര്‍വാഹക സമിതി അംഗം അഡ്വ. റോബിന്‍ സേവ്യര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ വിജുല, ഫിഷറീസ് ഓഫീസര്‍ വിഷ്ണു ആര്‍ നായര്‍, സുനില്‍ കുടവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആലപ്പുഴയില്‍ നിന്നും ആരംഭിച്ച യാത്ര വരും ദിവസങ്ങളില്‍ കാസര്‍ഗോഡ് വരെയുള്ള തീരദേശ ജില്ലകളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 16ന് തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സമാപിക്കും.