2025 ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പശ്ചാത്തല വികസനത്തിന്റെ എല്ലാ സാധ്യതകളും നടപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 1200 കി. മി മലയോര ഹൈവേ യുടെ വിവിധ റീച്ചുകൾ പൂർത്തിയാവുന്നു. തീരദേശ ഹൈവേയുടെ പ്രവർത്തിയും പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറു വരി പാതക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലിന് 5550 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചു. ദേശീയപാത ഭൂമി ഏറ്റെടുക്കലിനായി ഇത്രയും തുക ചെലവഴിച്ച ഏക സംസ്ഥാനം കേരളമാണെന്നും വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും മുഖ്യമന്ത്രിയുടെ ഏകോപനവും ദേശീയ പാതയുടെ പ്രവർത്തനത്തെ യാഥാർഥ്യമാക്കിയതായും മന്ത്രി കൂട്ടിചേർത്തു.
മൂന്നേകാൽ കൊല്ലത്തിനിടെ നൂറു പാലങ്ങൾ സർക്കാർ നിർമ്മിച്ചു. നിലവിൽ 130 ഓളം പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ചു. അഞ്ചുവർഷം കൊണ്ട് നേടാൻ ഉദ്ദേശിച്ച നേട്ടമാണ് സർക്കാർ ചെറിയ കാലയളനുള്ളിൽ തന്നെ കൈവരിച്ചത്. ഇനിയും 50 ഓളം പുതിയ പാലങ്ങൾ ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.