കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും വേദി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് നരേന്ദ്രമോദിയാണ്. രണ്ടു താല്‍പ്പര്യങ്ങളും ഒന്നായപ്പോള്‍ തുടര്‍ഭരണം ഉണ്ടായി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലും ഇത് തുടരാനുള്ള രാഷ്ട്രീയ ബാന്ധവത്തിന്റെ തുടക്കമാണ് സിപിഎമ്മിന്റെ പുതിയ നയം. കുറെക്കാലമായി പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്ന നയമാണിത്. സീതാറം യെച്ചൂരി ഇതിനെതിരെ പ്രവര്‍ത്തിച്ച് വന്ന ഒരു കാലമുണ്ടായിരുന്നു സിപിഎമ്മിന്. അദ്ദേഹത്തിന്റെ വിയോഗത്തോടെ പ്രകാശ് കാരാട്ട് നേതൃത്വത്തിലെത്തിയതോടെയാണ് ബിജെപിയും ആര്‍എസ്എസും ഫാസിസ്റ്റ് അല്ലെന്ന നയം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പരിപാടിയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.രാജന്‍ പ്രശസ്തി പത്രം വായിച്ചു. അഡ്വ.പി. ശങ്കരനെ പോലുള്ള നേതാക്കന്മാരാണ് പാര്‍ട്ടിക്ക് അനിവാര്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം നിയാസ്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.