കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരം കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാപ്പാട് ബീച്ചിൽ മ്യൂസിയം സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതായും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായി അഞ്ചാം തവണയാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കുന്നത്. ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷനാണ് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് പദവി നൽകുന്നത്. ശുദ്ധമായ ജലം, പരിസര ശുചിത്വം, സുരക്ഷ, പരിസ്ഥിതി പഠനങ്ങൾ തുടങ്ങിയ 33 ഓളം ശുചിത്വ പരിചരണ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബ്ലൂ ഫ്ലാഗ് പദവി നൽകുന്നത്.
ഡിടിപിസിയും മലബാർ ബോട്ടാണിക്കൽ ഗാർഡനും സംയുക്തമായി വൈൽഡ് ഓർക്കിഡുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ ഡോ മിഥുൻ മന്ത്രിക്ക് ഓർക്കിഡ് കൈമാറി. പരിസ്ഥിതിയിലെ മനുഷ്യ ഇടപെടലുകൾ കൊണ്ട് വംശനാശം സംഭവിക്കുന്ന ഓർക്കിഡുകളെ സംരക്ഷിക്കുന്നതിനോടൊപ്പം കാപ്പാട് ബീച്ച് സൗന്ദര്യ വത്കരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തീൻ കോയ, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ കെ മുഹമ്മദ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ എന്നിവർ സംസാരിച്ചു. വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ സ്വാഗതവും ടിടിപി സെക്രട്ടറി ടി നിഖിൽദാസ് നന്ദിയും പറഞ്ഞു.