കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു കിടക്കുന്ന നിഗൂഡഭൂമികയാണ് ഇസ്ലാംമത വിശ്വാസത്തിന്റെ ഭാഗമായ ജിന്നുകളുടെ പേരിൽ വർഷവർഷം നടത്തി വരുന്ന പറമ്പിൻ കാട് മല നേർച്ച. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രസ്തുത നേർച്ച പ്രദേശത്തിന്റെ ഹിന്ദു മുസ്ലിം ഐക്യത്തിന്റ ഉത്തമ ഉദാഹരണമാണ്. പണ്ട് കാലം മുതൽക്കേ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന മൗലിദ് പാരായണസദസിന്റെ അവസാന ദിവസം കുംഭത്തിലെ നെല്ല് കൊയ്ത് കഴിഞ്ഞു കിട്ടുന്ന നെല്ല് കുത്തി അരിയാക്കി പത്തിരി ചുട്ടു കൊണ്ട് ജാതിമതഭേദമന്യേ അവർ ഏഴാം നാളിലെ വൈകുന്നേരം നേർച്ച പത്തിരിയും ചന്ദനതിരിയുമായി മല കയറി വരുന്ന ജനങ്ങളാണ്.
ജിന്നുകളുടെ കാൽപ്പാദമെന്നു അവർ വിശ്വസിച്ചു പോരുന്ന പാറയിൽ ചന്ദനതിരി കുത്തിക്കൊണ്ട് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന്നായി പ്രാർത്ഥിക്കും.
ആട്, കോഴി, പശു തുടങ്ങി, നെല്ല്, കുരുമുളക്, തേങ്ങ എന്ന് വേണ്ട ഒരു മനുഷ്യന്റെ നിത്യോപയോഗ വസ്തു വകകളെല്ലാം തന്നെ അന്നത്തെ ദിവസം നേർച്ച മുതലുകളായി മല കയറി വരും. നേർച്ച ചിലവിനുള്ള സാമ്പത്തികം പ്രസ്തുത നേർച്ച മുതലുകൾ ലേലം ചെയ്യുക വഴിയാണ് സമാഹരിക്കാറ്.
വൈകീട്ട് അഞ്ചു മണിക്ക് ശേഷം മലയിൽ പ്രവേശിക്കുന്നവരെ നേരം വെളുക്കുന്നത് പുറത്ത് മറക്കാനാവാത്ത വിധം തടഞ്ഞു വയ്ക്കുന്ന അനുഭവകഥകൾ പ്രദേശവാസികൾ പങ്ക് വയ്ക്കുന്നു. വർഷങ്ങൾക്ക് മുൻപ് നേർച്ചയുടെ പിറ്റേ ദിവസം വഴി തെറ്റി കയറി വന്ന മലഞ്ചരക്ക് വ്യാപാരി ജന നിബിഡമായ തെരുവിൽ കയ്യിലുള്ള വലിയ സംഖ്യയുമായി തിരിച്ചു പോകാൻ കഴിയാതെ രാപ്പാർക്കാൻ സ്ഥലം തേടിയപ്പോൾ കൂട്ടത്തിലെ ഒരാൾ ഉറങ്ങാനുള്ള സ്ഥലം കാണിച്ചു കൊടുക്കുകയും കയ്യിലുള്ള പണമടങ്ങിയ ബാഗ് ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ താൻ വിജനമായ കാട്ടിലാണ് കിടക്കുന്നത് എന്നദ്ധേഹം മനസിലാക്കുകയും കയ്യിലെ പണം നഷ്ട്ടപ്പെട്ട അയാൾ സ്ഥലത്തെ പ്രധാന സൂഫിയെ കണ്ടു ആവലാതി ബോധിപ്പിച്ചപ്പോൾ വരുന്ന കൊല്ലത്തെ നേർച്ചയുടെ പിറ്റേ ദിവസം മേല്പറഞ്ഞതിന് പ്രകാരം മല കയറി അന്ന് കണ്ട വ്യക്തിയോട് ഇന്നലെ താൻ ഏൽപ്പിച്ച പണം തിരിച്ചു തരാൻ ആവശ്യപ്പെടാനും സൂഫി പരിഹാരം നിർദ്ദേശിച്ചു.
പറഞ്ഞത് പോലെ തന്നെ ജന നിബിഡമായ തെരുവിൽ വച്ചു അപരിചിതനായ ആ വ്യക്തി പണടങ്ങിയ ബാഗ് തിരിച്ചേൽപ്പിക്കുകയും ചെയ്തുവെന്നുമാണ് കഥകൾ. കാലങ്ങൾ ഒരുപാട് മുന്നോട്ട് പോയെങ്കിലും വെള്ളോലിപ്പ് ചാൽ (വെള്ളമൊലിപ്പ് ചാൽ) എന്ന പ്രസ്തുതമലയിലെ പറമ്പിൻകാട് നേർച്ച കാലാന്തരികമായ മാറ്റങ്ങൾക്കനുസരിച്ചു ഇന്നും നടത്തിപ്പോരുന്നു. ചുറ്റുമുള്ള സ്ഥലങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു പോയെങ്കിലും പാറ നിൽക്കുന്ന അഞ്ചു സെൻറ് ഭൂമി ഇന്നും നേർച്ച വക ഭൂമിയായി നില നിൽക്കുന്നു. നേർച്ചനടത്താൻ വൈകുന്ന വർഷങ്ങളിൽ ഹിന്ദു മതവിശ്വാസിയായ സമീപ വീട്ടുകാർ നേർച്ച നടത്തണമെന്ന ആവലാതിയുമായി നാട്ടുകാർ അംഗങ്ങളായ കമ്മറ്റിക്കാരെ സമീപിക്കുക പതിവാണ്. പരിപാടി ദിവസം ഭക്ഷണം പാകം ചെയ്യുന്നതിലും വിളമ്പികൊടുക്കുന്നതിനുമായി വൃദ്ധരും ചെറുപ്പക്കാരും കുട്ടികളുമടക്കം നൂറിൽ പരം തദ്ദേശവാസികളുടെ ഒറ്റ മനസോടെയുള്ള ജാതിമത ചിന്തകൾക്കതീതമായ പ്രവർത്തനം അന്യം നിന്നു പൊയ്കൊണ്ടിരിക്കുന്ന അനുഷ്‌ഠാന പ്രമാണം പോലെ മനോഹരമാണ്. ഏതാണ്ട് മൂന്ന് ക്വിന്റൽ പോത്തിറച്ചിയും ഒന്നര ക്വിന്റൽ പത്തിരിയും നേർച്ച വക പാകം ചെയ്യും. ഏതാണ്ട് രണ്ടായിരം മുതൽ മൂവായിരം പേർ വരെ വലിയ ജന സഞ്ചയമാണ് കുറഞ്ഞ മണിക്കൂറിനുള്ളിൽ മലയിലേക്ക് ഒഴുകിയെത്തുന്നത്. നേരത്തെ പറഞ്ഞതിന് പ്രകാരം ഒന്നര ക്വിന്റൽ പത്തിരി വിവിധ ദേശങ്ങളിൽ നിന്നും വരുന്ന ഊരും പെരുമാറിയുന്നതും അറിയാത്തതുമായ ദേശക്കാരും പരദേശികളുമായുള്ള ജനങ്ങളാണ് കൊണ്ടുവരാറുള്ളത്.
അസഹിഷ്ണുതയുടെ വർത്തമാന കാലഘട്ടത്തിൽ വിശ്വാസങ്ങളുടെ ചെപ്പ് കുടം കൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചു പോരുന്ന ഇത്തരം കൂട്ടായ്മകൾ പുതു തലമുറയ്ക്ക് കൂടിയുള്ള പ്രതീക്ഷയുടെ നീർചാലുകളാണ്.