കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായത്തോട് കൂടിയുള്ള പദ്ധതി.
കന്നുകാലികളുടെ മരണം, ഉല്പാദന ക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ അപകട മരണം, അംഗവൈകല്യം എന്നിവയ്ക്കും പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്കും ഒരു വര്‍ഷത്തേക്കും ഉരുക്കളെ ഇന്‍ഷൂര്‍ ചെയ്യാം. ജനറല്‍ വിഭാഗത്തിലും പട്ടിക ജാതി – വര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാമെന്ന് അധികൃതര്‍ പറഞ്ഞു.
65000 രൂപ മതിപ്പ് വില വരുന്ന ഉരുവിന് ജനറല്‍ വിഭാഗത്തിന് 1356 രൂപയും പട്ടിക വിഭാഗത്തിന് 774 രൂപയുമാണ് ഗുണഭോക്തൃ വിഹിതം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3319 രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് 1892 രൂപയുമാണ് കര്‍ഷക വിഹിതം. ജനറല്‍ വിഭാഗത്തിന് 50ശതമാനവും പട്ടിക വിഭാഗത്തിന് 70 ശതമാനവും സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ സബ്‌സിഡിയില്‍ 1456 രൂപ സര്‍ക്കാര്‍ വിഹിതവും 100 രൂപ പൊതു മേഖല സ്ഥാപനമായ കേരള ഫീഡ്‌സിന്റെ വിഹിതവുമാണ്. 100 രൂപ പ്രീമിയത്തില്‍ കര്‍ഷകന് അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.ജില്ലയിലെ 2760 ഉരുക്കള്‍ക്കും അവരുടെ ഉടമസ്ഥര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയില്‍ അംഗമാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഗീത.വി, ജില്ലാ ഇന്‍ഷുറന്‍സ് നോഡല്‍ ഓഫീസര്‍ ഡോ.കെ.എം.മനോജാല്‍ എന്നിവര്‍ അറിയിച്ചു.