ഒരു വിദ്യാർത്ഥി തന്റെ പഠനത്തിന്റെ അടിത്തറ നിർമ്മിക്കുന്നത് എൽ.പി,യു. പി ക്ലാസ്സുകളിലാണെന്നും അവരെ പൂർണമായി പഠിക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വളയം യു പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സ്കൂൾ ലോഗോ പ്രകാശനവും സ്പീക്കർ നിർവഹിച്ചു.
വിദ്യാർത്ഥികളുടെ അഭിരുചികൾ മനസിലാക്കി കൊണ്ടുള്ള അധ്യാപനമാണ് വേണ്ടത്. കേരളത്തിലെ വിദ്യാർത്ഥികളെ മത്സര പരീക്ഷകൾ നേരിടാൻ സജ്ജരാക്കേണ്ടതുണ്ട്. അതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഇ കെ വിജയൻ എം എൽ എ
അധ്യക്ഷത വഹിച്ച ചടങ്ങിൽ, 33 വർഷത്തെ അധ്യാപന സേവനത്തിനു ശേഷം വിരമിക്കുന്ന കെ കെ സജീവ് കുമാറിനെ ആദരിച്ചു. സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ് മുഖ്യാതിഥിയായി. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് അങ്കണവാടി വർണോത്സവം വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
എം.കെ. അശോകൻ മാസ്റ്റർ,ടി. സജീവൻ,വി.പി. ബാലകൃഷ്ണൻമാസ്റ്റർ, കെ.എൻ. ദാമോദരൻ, കെ.ചന്ദ്രൻ മാസ്റ്റർ,കെ.ടി. കുഞ്ഞിക്കണ്ണൻ,
സി.എച്ച്. ശങ്കരൻ മാസ്റ്റർ, ടി.ടി.കെ. ഖാദർ ഹാജി, പി.കെ. രാധാകൃഷ്ണൻ, ഇ.കെ. സുനിൽകുമാർ, സി. ലിജിബ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രധാനാധ്യാപിക വി.കെ. അനില സ്വാഗതവും പ്രദീപ്‌കുമാർ പള്ളിത്തറ നന്ദിയും പറഞ്ഞു