കൊയിലാണ്ടി: സമൂഹത്തിലെ അവശരുടെ പ്രതീക്ഷയും സാമൂഹ്യ പുരോഗതിക്ക് ഉതകുന്നതും ആണ് ഇസ്ലാമിലെ സംഘടിത സകാത്ത് സംവിധാനമെന്നും എല്ലാ മഹല്ലുകളിലും സകാത്ത് സെൽ ഉണ്ടാവണമെന്നും അത് കാര്യക്ഷമമായി നടപ്പാക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സാമൂഹ്യ ക്ഷേമ വിഭാഗം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സകാത്ത് സെമിനാർ ആവശ്യപ്പെട്ടു..
സംഘടിത സകാത്തിനെതിരെ പ്രസ്താവന ഇറക്കുന്നവർ സമൂഹത്തിലെ പാവപ്പെട്ടവർക്ക് അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കാതെ ജീവിതാവശ്യത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായത്തെയാണ് ഈ ഇസ്ലാമിക വിരുദ്ധ പ്രസ്താവനയിലൂടെ ഇല്ലാതാക്കുന്നത്. വിശുദ്ധ ഖുർആനിൽ നമസ്കാരം പരാമർശിച്ച മിക്ക സ്ഥലത്തും സകാത്തും പ്രതിബാധിച്ചിട്ടുണ്ട് എന്നത് അതിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഇസ്ലാമിലെ സകാത്ത് സമ്പ്രദായത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ അവശരെ ചേർത്ത് പിടിക്കലും സാമൂഹ്യമായി ഉയർത്തി കൊണ്ടുവരലുമാണ് എന്നിരിക്കെ, മുസ്ലീം സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഇത്തരം തെറ്റിദ്ധാരണ ജനകമായ പ്രസ്താവനകളിൽ നിന്നും പണ്ഡിതന്മാരും മത നേതൃത്വവും വിട്ട് നിൽക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ഉനൈസ് സലാഹി ഉൽഘാടനം ചെയ്ത സെമിനാറിൽ ഹംസ ശാക്കിർ അൽ ഹികമി,ഹബീബുറഹ്മാൻ സ്വലാഹി മുഹമ്മദ് സ്വാലിഹ് അൽഹികമി വിഷയങ്ങൾ അവതരിപ്പിച്ചു. കെ അബ്ദുൽ നാസർ മദനി സ്വാഗതവും കെ ജമാൽ മദനി നന്ദിയും പറഞ്ഞു.