കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രവും ദിവസേന മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ കോടിക്കൽ കടപ്പുറത്ത് മിനി ഹാർബർ യാഥാർത്ഥ്യമാക്കുക, മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുക, തീരദേശ മേഖലയിലെ അവഗണനക്കെതിരെ യൂത്ത്ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ 26 ബുധനാഴ്ച രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ കോടിക്കൽ ടൗണിൽ ഏകദിന ഉപവാസ സമരം നടത്തും. 2002ൽ അന്നത്തെ ഫിഷറിസ് വകുപ്പ് മന്ത്രി ടി.കെ, രാമകൃഷ്ണന്റെയും സ്ഥലം എം.എൽഎ പി.വിശ്വന്റെയും നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ ശിലാഫലകം സ്ഥാപിച്ചെങ്കിലും ഇരുപത്തിമൂന്ന് വർഷം കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും നടത്താതെ കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
നവകേരള സദസ്സിൽ മിനി ഹാർബറിന് വേണ്ടി ഫണ്ട് അനുവദിച്ചെന്ന് കള്ളപ്രചരണമിറക്കി സ്ഥലം എം.എൽ.എയും മൂടാടി പഞ്ചായത്ത് ഭരണ സിമിതിയും മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്നും യൂത്ത്ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. മിനി ഹാർബറിന് വേണ്ടി എല്ലാം പഠനങ്ങളും നടത്തി ഏറ്റവും അനുയോജ്യമായ സ്ഥലമായിട്ടും ഒരു പ്രദേശത്തെ മനപൂർവ്വം അവഗണിക്കുകയാണ് കേന്ദ്രസംസ്ഥാന സർക്കാറുകൾ. കേരളത്തിലെ രണ്ടാമത്തെ ഡ്രൈവിംഗ് ബീച്ചായ തിക്കോടി ഡ്രൈവിംഗ് ബീച്ച് സമീപത്തുമുള്ളതും ചരിത്രപ്രസിദ്ധമായ വെള്ളിയാക്കല്ലിലേക്ക് വളരെ പെട്ടെന്ന് പോകാനും എളുപ്പമുള്ളത് കോടിക്കൽ കടപ്പുറത്ത് നിന്നാണ്. ഇന്ന് കിലോമീറ്ററോളം കടപ്പുറത്ത് മണ്ണ് വന്ന് നികന്നതിനാലും ടൺ കണക്കിന് മാലിന്യ കൂമ്പാരങ്ങൾ അടിഞ്ഞ്കൂടിയതിനാലും മത്സ്യ തൊഴിലാളികൾ മരത്തടികളും കട്ടയും വെച്ച് വള്ളങ്ങൾ കടലിലേക്ക് ഇറക്കേണ്ട അവസ്ഥയാണുള്ളത്. ഇത് മൂലം പ്രായമായ മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാതെയും വള്ളങ്ങൾ ഉടൻ കേടാകുകയും ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. സർക്കാറും എം.എൽ.എയുമടക്കം അധികാരികൾ മത്സ്യതൊഴിലാളികളോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
ഉപവാസ സമരത്തിൽ ജനപ്രതിനിധികൾ, മത്സ്യതൊഴിലാളികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതരംഗത്തെ പ്രമുഖർ സംബന്ധിക്കും. മുസ്ലിംലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി.ടി ഇസ്മായിൽ സമരം ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം, പഞ്ചായത്ത് നേതാക്കൾ എന്നിവർ സമരത്തിൽ അഭിവാദ്യം ചെയ്ത് സംസാരിക്കും. പത്ര സമ്മേളനത്തിൽ പി.കെ മുഹമ്മദലി, പിവി ജലീൽ, സാലിം മുചുകുന്ന്, ഷാനിബ് കോടിക്കൽ എന്നിവർ സംബന്ധിച്ചു.